മുൻ അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ വസതിയിൽ നിന്ന് രഹസ്യരേഖകൾ പിടിച്ചെടുത്തു

ഇൻഡ്യാന: അമേരിക്കൻ മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ വസതിയിൽ നിന്ന് രഹസ്യരേഖകൾ കണ്ടെത്തി. ഇൻഡ്യാനയിലെ വീട്ടിൽ നിന്നാണ് ക്ലാസിഫൈഡ് എന്ന് അടയാളപ്പെടുത്തിയ രേഖകൾ പിടിച്ചെടുത്തത്. രേഖകൾ എഫ്ബിഐക്ക് കൈമാറിയതായി യുഎസ് നീതിന്യായ വകുപ്പ് വിശദമാക്കി. യുഎസ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വീടുകളില്‍ നിന്ന് രഹസ്യ രേഖകള്‍ കണ്ടെത്തുന്ന ഏറ്റവുമൊടുവിലെ സംഭവമാണ് ഇത്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേയും നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റേയും കൈവശമുള്ള രഹസ്യ രേഖകളേക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ക്ലാസിഫൈഡ്സ് രേഖകള്‍ മൈക്ക് പെന്‍സിന്റെ വീട്ടില്‍ നിന്ന് ലഭിക്കുന്നത്.

രഹസ്യ രേഖകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് മുന്‍ പ്രസിഡന്റ് ട്രംപ് ക്രിമിനല്‍ അന്വേഷണം നേരിടുന്നതിനിടയിലാണ് കണ്ടെത്തല്‍. മൈക്ക് പെന്‍സിന്റെ പ്രതിനിധികള്‍ തന്നെയാണ് രഹസ്യ രേഖകള്‍ കണ്ടെത്തിയ വിവരം നാഷണല്‍ ആര്‍ക്കൈവ്സിനെ അറിയിച്ചത്. വിവരമറിഞ്ഞ എഫ്ബിഐ ഇത്തരം സാഹചര്യങ്ങളിലെ സാധാരണ നടപടിക്രമങ്ങളെ ബൈപ്പാസ് ചെയ്താണ് രഹസ്യ രേഖകള്‍ കൈപ്പറ്റിയത്. ഇക്കാര്യം അഭിഭാഷകര്‍ പ്രത്യേകം വിശദമാക്കിയിട്ടുണ്ട്. പ്രസിഡന്‍ഷ്യല്‍ റെക്കോര്‍ഡ്സ് ആക്ട് അനുസരിച്ച് വൈറ്റ് ഹൌസില്‍ നിന്നുള്ള രേഖകള്‍ ഭരണകാലം കഴിയുന്നതോടെ നാഷണല്‍ ആര്‍ക്കൈവ്സിലേക്ക് അയക്കണമെന്നാണ് ചട്ടം.

ഈ രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാനാണ് ഇത്. ട്രംപിന്റെ ഭരണം അവസാനിച്ച സമയത്ത് ഇത്തരം ചില രഹസ്യ രേഖകള്‍ മൈക്ക് പെന്‍സിന്റ് വീട്ടിലേക്ക് കൊണ്ട് പോയെന്നാണ് ബിബിസി റിപ്പോര്‍ട്ട്. നേരത്തെ ജോ ബൈഡന്റെ വീട്ടിൽ നിന്നും ക്ലാസിഫൈ‍ഡ് രേഖകൾ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം രേഖകള്‍ വീട്ടിലുള്ള വിവരം മൈക്ക് പെന്‍സിന്‍റെ പ്രതിനിധികള്‍ നാഷണല്‍ ആര്‍ക്കൈവ്സിനെ അറിയിച്ചത്. രേഖകള്‍ കണ്ടെത്തിയതിന് പിന്നാലെ മൈക്ക് പെന്‍സിനെ പ്രതിരോധിച്ച് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ ട്രംപ് യുഎസ് പ്രസിഡന്റായ കാലത്തെ ചില വൈറ്റ്ഹൌസ് രേഖകള്‍ കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ട്രംപിന്റെ ഫ്ലോറിഡയിലെ അഢംബര വീട്ടില്‍ എഫ്ബിഐ റെയ്ഡ് നടന്നിരുന്നു.

Top