കര്‍ണാടകയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രസവിച്ചു; പത്താം ക്ലാസുകാരനായി തെരച്ചില്‍

കര്‍ണാടക: കര്‍ണാടകയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രസവിച്ചു. സംഭവത്തില്‍ പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന്റെ ഹോസ്റ്റലില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തു. കര്‍ണാടകയിലെ ചിക്കബെല്ലാപൂരിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കേ ഒരു വര്‍ഷം മുന്‍പാണ് പെണ്‍കുട്ടി ഹോസ്റ്റലില്‍ ചേര്‍ന്നതെന്നാണ് വിവരം. ഹോസ്റ്റല്‍ രേഖകളുടെ പരിശോധനയില്‍ നിന്ന് പെണ്‍കുട്ടി സ്ഥിരമായി തിരിച്ചുവരാറില്ലെന്നും ബന്ധുവിനെ കാണാനെന്ന വ്യാജേന പുറത്തുപോകാറുണ്ടെന്നും പൊലീസ് കണ്ടെത്തി.

പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിയുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടായിരുന്നു. രണ്ടുപേരും ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, ആണ്‍കുട്ടി ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (ടിസി) നേടി ബാംഗ്ലൂരിലേക്ക് മാറിയെന്നും പൊലീസ് കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കുട്ടി മെഡിക്കല്‍ ചെക്കപ്പിന് വിധേയയായെങ്കിലും ഗര്‍ഭം കണ്ടെത്തിയിരുന്നില്ല. വയറുവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭധാരണം അറിയുന്നത്. സംഭവത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

Top