വിദ്യാർത്ഥിയുടെ വസ്ത്രധാരണത്തെ അധ്യാപകര്‍ അപമാനിച്ചു; പ്ലസ്ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ലുദിയാന: ലുദിയാനയിലെ ഗുര്‍മേല്‍ നഗറില്‍ അധ്യാപകര്‍ മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തതില്‍ മനംനൊന്ത് പ്ലസ്ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഇറക്കം കുറഞ്ഞ പാന്റ്‌സ് ധരിച്ചതിനാണ് വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ അപമാനിച്ചത്. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നത്.

മകന്‍ ഒരു സ്വകാര്യ സ്‌കൂളിലാണ് പഠിക്കുന്നത്. രണ്ട് ദിവസം മുമ്പ് അവന്‍ ഇറക്കം കുറഞ്ഞ പാന്റ്‌സ് ധരിച്ചതിന് അധ്യാപകര്‍ ദേഷ്യപ്പെടുകയും ഇത് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് അധ്യാപകര്‍ പ്രിന്‍സിപ്പലിനെ അറിയിച്ചു. പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശ പ്രകാരം അധ്യാപകര്‍ ധനഞ്ജയുടെ തന്നെ ടൈകൊണ്ട് അവന്റെ കൈ കെട്ടിയിടുകയും മര്‍ദ്ദിക്കുകയും ചെയ്തു. മുഴുവന്‍ കുട്ടികളുടെയും മുന്നില്‍ വച്ച് ധനഞ്ജയെ വിവസ്ത്രനാക്കുകയും ചെയ്തുവെന്നും പിതാവ് തിവാരി പറഞ്ഞു.

സംഭവത്തിന് ശേഷം സ്‌കൂളില്‍ പോകാന്‍ ധനഞ്ജയ് കൂട്ടാക്കിയിരുന്നില്ല. മാത്രമല്ല, അവന്‍ ഭക്ഷണം കഴിക്കാന്‍ പോലും തയ്യാറായിരുന്നില്ലെന്നും മാതാവ് കമലേഷ് തിവാരിയും വ്യക്തമാക്കി.

രാത്രിമുറിയിലെത്തിയ അമ്മയാണ് ജീവനറ്റ നിലയില്‍ കുട്ടിയെ കണ്ടത്. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തുടര്‍ന്ന് കുട്ടിയുടെ ബന്ധു സ്‌കൂള്‍ പ്രിന്‍സിപ്പലും രണ്ട് അധ്യാപകരുമാണ് ധനഞ്ജയ് കുമാറിന്റെ മരണത്തിന് കാരണമെന്ന് ആരോപിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ റെജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ ബന്ധുവിന്റെ മൊഴിയില്‍ വേണ്ട നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണര്‍ ജസ്‌ക്രരഞ്ജിത്ത് സിംഗ് തേജ വ്യക്തമാക്കി.

Top