ആസാദ് കശ്മീര്‍ ‘എവിടെ’?; പത്താം ക്ലാസ് ചോദ്യപേപ്പറില്‍ പുലിവാല്‍ പിടിച്ച് കോണ്‍ഗ്രസ്

ന്ത്യയുടെ ഭൂപടത്തില്‍ ‘ആസാദ് കശ്മീര്‍’ കണ്ടെത്താന്‍ ആവശ്യപ്പെട്ട് മധ്യപ്രദേശിലെ പത്താം ക്ലാസ് ചോദ്യപേപ്പര്‍. ചോദ്യപേപ്പര്‍ പുറത്തുവന്നതോടെ വലിയ വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും പാകിസ്ഥാന്‍, അധിനിവേശം നടത്തി കൈക്കലാക്കിയ പാക് അധീന കശ്മീരിനെയാണ് അനൗദ്യോഗികമായി ആസാദ് കശ്മീര്‍ എന്ന് വിശേഷിപ്പിക്കുന്നത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ സയന്‍സ് പരീക്ഷയിലാണ് ഈ ചോദ്യം പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ ഭൂപടത്തില്‍ ആസാദ് കശ്മീര്‍ കണ്ടെത്തി രേഖപ്പെടുത്താനായിരുന്നു ചോദ്യം. വിവാദമായ ചോദ്യപേപ്പര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് നേരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതോടെ മധ്യപ്രദേശ് മുഖ്യമന്ത്രിയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് ഇതില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ചോദ്യപേപ്പര്‍ തയ്യാറാക്കിയ വ്യക്തിക്കെതിരെ അടിയന്തര നടപടിക്കും മുഖ്യമന്ത്രി ഉത്തരവിട്ടു. വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കി, മോഡറേറ്റ് ചെയ്ത രണ്ട് പേരെ മധ്യപ്രദേശ് ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷന്‍ സസ്‌പെന്‍ഡ് ചെയ്തു.

1947ല്‍ പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റം നടത്തിയാണ് ജമ്മു കശ്മീരിന്റെ ഭാഗം പാക് അധീന കശ്മീരായി കൈവശപ്പെടുത്തിയത്. കശ്മീരികളുടെ സ്വാതന്ത്ര്യത്തിന് എന്ന പേരില്‍ പാകിസ്ഥാന്‍ നടത്തിവരുന്ന ഭീകര അനുകൂല നടപടികള്‍ക്ക് ഇവിടം വേദിയാക്കുന്ന പതിവുണ്ട്. അതേസമയം മധ്യപ്രദേശ് ചോദ്യപേപ്പര്‍ ആദ്യമായല്ല വിവാദങ്ങളില്‍ ഇടംപിടിക്കുന്നത്.

മധ്യപ്രദേശ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അടുത്തിടെ നടത്തിയ പരീക്ഷയിലെ ചോദ്യമാണ് വിവാദങ്ങളില്‍ പെട്ടത്. ആദിവാസി വിഭാഗക്കാര്‍ ക്രിമിനല്‍ ചിന്താഗതിക്കാരും, മദ്യപാനികളുമാണെന്നായിരുന്നു പരീക്ഷയിലെ ചോദ്യം വാദിച്ചത്. സംഭവം ദേശീയ തലത്തില്‍ തന്നെ വിവാദത്തില്‍ കുരുങ്ങിയതോടെ സംസ്ഥാന സര്‍ക്കാരിന് നടപടി സ്വീകരിക്കേണ്ടി വന്നിരുന്നു.

Top