ഡല്‍ഹി ചലോ മാര്‍ച്ചില്‍ സംഘര്‍ഷം; യുവകര്‍ഷകന്‍ മരിച്ചു,മാർച്ച്‌ രണ്ട് ദിവസത്തേക്ക് നിർത്തിവെച്ചു

 ഹരിയാന-പഞ്ചാബ് അതിര്‍ത്തിയില്‍ സുരക്ഷാ സേനയും കർഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു മരണം. 24 വയസുള്ള ശുഭ് കരൺ സിംഗ് എന്ന യുവ കർഷകനാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും പട്യാലയിലെ രജീന്ദ്ര ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എച്ച് എസ് രേഖി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടു എന്നത് വ്യാജ പ്രചാരണമാണെന്നാണ് ഹരിയാന പൊലീസിന്റെ വാദം.

ഇന്ന് രാവിലെ മുതല്‍ ശംഭു അതിര്‍ത്തിയില്‍ പൊലീസും കര്‍ഷകരും തമ്മില്‍ വലിയ തോതിലുള്ള സംഘര്‍ഷമാണ് നടക്കുന്നത്. അതേസമയം, ദില്ലി ചലോ മാർച്ച് രണ്ട് ദിവസത്തേക്ക് നിർത്തിവെച്ചു. വെള്ളിയാഴ്ച പുന:രാരംഭിക്കുമെന്ന് കർഷകസംഘടനകൾ വ്യക്തമാക്കി. കർഷകൻ മരിച്ചതിന് പിന്നാലെയാണ് തീരുമാനം. നാളെ ശംഭുവിലെ നേതാക്കളും ഖനൗരിയിലെത്തും. കർഷകർ നിലവിൽ പ്രതിഷേധിക്കുന്ന സ്ഥലത്ത് ക്യാമ്പ് ചെയ്യും.

കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിൻ്റെ നിർദേശങ്ങൾ കർഷക സംഘടനകൾ തള്ളിയിരുന്നു. മൂന്ന് തരം പയർവർഗ്ഗങ്ങൾ, ചോളം, പരുത്തി എന്നിവ പഴയ താങ്ങുവിലയിൽ വാങ്ങാനുള്ള അഞ്ചുവർഷത്തെ കരാർ എന്ന വാഗ്ദാനമാണ് കർഷക സംഘടനകൾ നിരസിച്ചത്. വിളകൾക്ക് താങ്ങുവില ഉറപ്പാക്കും വരെ സമരം തുടരുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചിരുന്നു.

Top