യുപിയില്‍ പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണം; ഇന്‍സ്പെക്ടര്‍ അടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു

ബുലാന്ദ്ഷര്‍: പശുവിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷറില്‍ ആള്‍ക്കൂട്ട ആക്രമണം. ആക്രമണത്തില്‍ രണ്ട്‌പേര്‍ കൊല്ലപ്പെട്ടു. ആള്‍ക്കൂട്ടത്തിന്റെ കല്ലേറില്‍ സുബോധ് കുമാര്‍ സിങ് എന്ന പൊലിസ് ഇന്‍സ്പെക്ടറാണ് കൊല്ലപ്പെട്ടത്. മറ്റൊരു പൊലിസുകാരന് ഗുരുതരമായ പരുക്കുണ്ട്. സുനിത് (20) എന്നയാളാണ് കൊല്ലപ്പെട്ട നാട്ടുകാരന്‍.

പടിഞ്ഞാറേ ഉത്തര്‍പ്രദേശ് മേഖലയിലാണ് കലാപം. തിങ്കളാഴ്ച രാവിലെ 25 പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടതോടെയാണ് കലാപം തുടങ്ങിയത്. പ്രത്യേക വിഭാഗത്തിലുള്ളവരാണ് കൂട്ട പശുക്കശാപ്പിനു പിന്നിലെന്ന് ആരോപിച്ച് സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അഞ്ച് കംപനി ദ്രുതകര്‍മ സേനയും ആറു കമ്പനി പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റബുലറിയെയും വിന്യസിച്ചിട്ടുണ്ട്.

ഗോവധം, ആൾക്കൂട്ട അതിക്രമം എന്നിവയെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംഭവത്തിൽ 2 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമര്‍പ്പിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.

Top