Clashes At Jadavpur University; case registered against ABVP functionaries

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജാദവ്പുര്‍ സര്‍വകലാശാലയില്‍ സിനിമാ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘര്‍ഷം. സംഘര്‍ഷത്തിനിടയില്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയതിന് നാല് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.

‘ബുദ്ധാ ഇന്‍ എ ട്രാഫിക് ജാം’ എന്ന സിനിമയുടെ പ്രദര്‍ശനത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രദര്‍ശനം ഒരുവിഭാഗം തടയാന്‍ ശ്രമിക്കുന്നതിനിടെ എ.ബി.വി.പി പ്രവര്‍ത്തകരും ഇടത് വിദ്യാര്‍ഥി പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. ഇതിനിടെയാണ് വിദ്യാര്‍ഥിനികള്‍ക്ക് നേരെ ആക്രമണമുണ്ടായത്.

കാമ്പസിലെത്തിയ സിനിമയുടെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയെ ഇടത് വിദ്യാര്‍ഥികള്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.

അനുപം ഖേര്‍, രൂപാ ഗാംഗുലി എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ വിഭാഗീയത ഉണ്ടാക്കുന്ന ഭാഗങ്ങളുണ്ടെന്നാരോപിച്ച് ഇടത് വിദ്യാര്‍ഥി സംഘടനയായ ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇതിനിടയില്‍ തങ്ങളോട് അപമര്യാദയായി പെരുമാറി എന്ന് ചില വിദ്യാര്‍ഥിനികള്‍ പരാതി ഉയര്‍ത്തുകയായിരുന്നു.

കാമ്പസില്‍ ക്ലാസുകള്‍ അവസാനിച്ചതിന് ശേഷമായിരുന്നു സിനിമാ പ്രദര്‍ശനം നടന്നത്. തൃഗുണ സെന്‍ ഓഡിറ്റോറിയത്തിലാണ് പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നത. എന്നാല്‍ പ്രദര്‍ശനത്തിന് അനുമതി ഉണ്ടായിരുന്നില്ല.

ഇതേതുടര്‍ന്ന് തുറന്ന സ്ഥലത്ത് സിനിമ പ്രദര്‍ശിപ്പിക്കുകയായിരുന്നു. പ്രദര്‍ശനത്തിനിടെ ഇടത് വിദ്യാര്‍ഥി പ്രവര്‍ത്തകരുടെ പ്രതിഷേധം മൂലം പ്രദര്‍ശനം പലതവണ നിര്‍ത്തിവെയ്ക്കുകയും ചെയ്തു. ഇത് തുടര്‍ന്നതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് വൈസ് ചാന്‍സിലര്‍ സുരഞ്ജന്‍ ദാസ് കാമ്പസിലെത്തി വിദ്യാര്‍ഥികളെ ശാന്തരാക്കുകയായിരുന്നു.

സംഭവം അറിഞ്ഞ് യൂണിവേഴ്‌സിറ്റിയിലെത്തിയ രൂപാ ഗാംഗുലിയെ പോലീസ് കാമ്പസില്‍ കയറുന്നതില്‍ നിന്ന് തടഞ്ഞതും പ്രശ്‌നങ്ങളുണ്ടാക്കി.

വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയതിന് പിടിച്ചു വച്ചിരിക്കുന്ന എ.ബി.വി.പി പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു രൂപാ ഗാംഗുലിയെത്തിയത്. അതേസമയം പുറത്തുനിന്നുള്ളവരും സംഘര്‍ഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന് കണ്ടെത്തിയിട്ടുണ്ട്.

Top