വെള്ളത്തിനായി സംഘര്‍ഷം ; ഹരിയാനയില്‍ 12 പേര്‍ക്ക് പരുക്ക്

haryana

ഹിസാര്‍: വെള്ളമെടുക്കുന്നത് സംബന്ധിച്ച് ഗ്രാമവാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 12 പേര്‍ക്ക് പരുക്ക്. ഹരിയാനയിലെ ഹന്‍സി സബ്ഡിവിഷനില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.

ധാനി പിരാന്‍വാലിയില്‍ താമസിക്കുന്ന ഗ്രാമീണര്‍ പുതിമിനോറില്‍ നിന്ന് വെള്ളമെടുക്കുന്നതിനായി പമ്പ് സ്ഥാപിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്തായി പുതി മംഗല്‍ ഖാന്‍ വില്ലേജില്‍ നിന്നുള്ളവര്‍ ഇതിനെ എതിര്‍ത്തതോടെയാണ് സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. സംഭവത്തില്‍ പഞ്ചായത്ത് അംഗങ്ങളടക്കം 12 പേര്‍ക്ക് പരിക്കേറ്റു. എട്ടു ബൈക്കുകളും ഒരു പമ്പ് സെറ്റും തീവെച്ച് നശിപ്പിച്ചു.

ധാനി പീരാന്‍വാലിയില്‍ താമസിക്കുന്നവര്‍ക്ക് വെള്ളമെടുക്കുന്നതിനായി പമ്പ് സ്ഥാപിക്കുന്നതിനുള്ള അനുമതി അവര്‍ക്ക് ഉണ്ടായിരുന്നില്ല എന്നാണ് പുതി മംഗല്‍ ഖാനിലുള്ളവര്‍ ആരോപിക്കുന്നത്. വെള്ളമെടുക്കാന്‍ വന്നവരോട് രേഖകള്‍ കാണാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാതെ കൂടുതല്‍ ആളുകളെ സംഘടിപ്പിച്ചെത്തുകയായിരുന്നുവെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ആയുധങ്ങളും,പെട്രോളുമായി അഞ്ഞൂറിലധികം പേര്‍ സംഘടിച്ചെത്തി സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും പെട്രോളൊഴിച്ച് ബൈക്കുകള്‍ കത്തിക്കുകയുമായിരുന്നുവെന്നാണ് സമീപവാസികള്‍ പറഞ്ഞത്.

Top