മുഴുവന്‍ സമയവും ടിക് ടോക്കില്‍; ഭര്‍ത്താവ് വഴക്കു പറഞ്ഞതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി

വിജയവാഡ: മുഴുവന്‍ സമയവും ടിക് ടോക്കില്‍ ചിലവഴിക്കുന്നതിന് ഭര്‍ത്താവ് വഴക്കു പറഞ്ഞതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. തൊട്ടു പിന്നാലെ അമ്മയുടെ മരണം താങ്ങാനാകാതെ പ്രായപൂര്‍ത്തിയാകാത്ത മകനും ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് ദാരുണമായ സംഭവം.

വൈഎസ്ആര്‍ കോളനിയില്‍ താമസിക്കുന്ന ഷേയ്ഖ് ശംസുദ്ദീന്റെ ഭാര്യ ഷേയ്ഖ് കരീമ(35)യും ഇവരുടെ മകനുമാണ് കഴിഞ്ഞ ദിവസം സയനൈഡ് കുടിച്ച് ആത്മഹത്യ ചെയ്തത്. ഭാര്യ സദാസമയവും ടിക് ടോക്കില്‍ ചെലവഴിക്കുന്നതില്‍ ഭര്‍ത്താവ് ശംസുദ്ദീന്‍ വഴക്ക് പറഞ്ഞതായും ഇതിനു പിന്നാലെയാണ് യുവതി സയനൈഡ് കുടിച്ച് ജീവനൊടുക്കിയതെന്നും പൊലീസ് പറഞ്ഞു.

ലോക്ക്ഡൗണ്‍ കാരണം സ്വര്‍ണ പണിക്കാരനായ ശംസുദ്ദീന് ജോലിയൊന്നും ഉണ്ടായിരുന്നില്ല. രണ്ട് മാസം മുമ്പ് കുടുംബം ഒരു കാറപകടത്തില്‍ ആശുപത്രിയില്‍ കഴിയുകയും അതിന് അഞ്ച് ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചെലവാകുകയും ചെയ്തു. ഈ പണം തിരികെ നല്‍കാന്‍ അടുത്തിടെ ഒരു വായ്പ എടുത്തിരുന്നു. മാത്രമല്ല, മൂത്ത മകളുടെ വിവാഹവുമായി ബന്ധപ്പെട്ടും സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം ജോലി ഇല്ലാതായതോടെ സാമ്പത്തിക ബാധ്യത വര്‍ധിച്ചു. ഇതോടെ ശംസുദ്ദീന്‍ കടുത്ത മാനസികപ്രയാസത്തിലായിരുന്നു.

എന്നാല്‍ താന്‍ കടുത്ത മാനസികപ്രയാസം നേരിടുമ്പോഴും ഭാര്യ സദാസമയവും ടിക് ടോക്കില്‍ വീഡിയോ ചെയ്ത് ആസ്വദിക്കുകയായിരുന്നുവെന്നാണ് ശംസുദ്ദീന്‍ പറഞ്ഞത്. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കിടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വീട്ടിലുണ്ടായിരുന്ന സയനൈഡ് കഴിച്ച് യുവതി ജീവനൊടുക്കിയത്. അമ്മയുടെ മരണത്തിന് സാക്ഷിയായ മകനും തൊട്ടുപിന്നാലെ ബാക്കിയുള്ള സയനൈഡും കുടിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയതായും പൊലീസ് അറിയിച്ചു.

Top