വിവാഹത്തിന് മധുരപലഹാരത്തെച്ചൊല്ലി തര്‍ക്കം; വധുവിന്റെ സഹോദരന് ദാരുണാന്ത്യം

ലഖ്‌നൗ: വിവാഹത്തിന് വിളമ്പിയ മധുരപലഹാരത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വധുവിന്റെ സഹോദരന് ദാരുണാന്ത്യം. സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ അടക്കം മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഷംഷാബാദില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വരനും കൂട്ടുകാരും ചേര്‍ന്ന് മകനെ കാറില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചെന്നാണ് വധുവിന്റെ പിതാവ് രാംപാല്‍ ജാദവിന്റെ പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

വധുവിന്റെ വീട്ടില്‍ വിവാഹചടങ്ങുകള്‍ക്ക് ശേഷം നടന്ന വിരുന്നിലാണ് തര്‍ക്കങ്ങള്‍ ഉടലെടുത്തത്. വിളമ്പിയ മധുരപലഹാരത്തെച്ചൊല്ലി വരനായ മനോജ് കുമാറും സുഹൃത്തുക്കളും വധുവിന്റെ ബന്ധുക്കളുമായി വാക്കേറ്റമുണ്ടായി. ഇതിനു പിന്നാലെ വധുവിന്റെ ഇളയ സഹോദരനായ ഒമ്പത് വയസ്സുകാരനെ മനോജ് കുമാറും സുഹൃത്തുക്കളും കാറില്‍ എടുത്തിട്ട് വേഗത്തില്‍ വാഹനമോടിച്ച് പോയി.

അമിതവേഗത്തില്‍ പാഞ്ഞ വാഹനമിടിച്ചാണ് വധുവിന്റെ ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ക്കും ഒരു യുവാവിനും പരിക്കേറ്റത്. യുവാവിന്റെ നില ഗുരുതരമാണ്. തട്ടിക്കൊണ്ടുപോയ വധുവിന്റെ സഹോദരനെ പിന്നീട് ഗ്രാമത്തിലെ മറ്റൊരിടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് വധുവിന്റെ കുടുംബം പറഞ്ഞത്. മുഖം വികൃതമായ നിലയിലായിരുന്നു ഒമ്പതു വയസ്സുകാരന്റെ മൃതദേഹം.

പലഹാരത്തെ ചൊല്ലിയുള്ള തര്‍ക്കം ഉടലെടുത്തപ്പോള്‍ മുതിര്‍ന്ന ബന്ധുക്കള്‍ ഇടപെട്ടിരുന്നതായി വധുവിന്റെ സഹോദരന്‍ പുനീത് മാധ്യമങ്ങളോട് പറഞ്ഞു. വരന്റെ സുഹൃത്തുക്കള്‍ തങ്ങളുടെ അമ്മാവന് നേരേ വെടിയുതിര്‍ത്തെന്നും ഭാഗ്യം കൊണ്ടാണ് അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും ഇതിനു പിന്നാലെയാണ് ഇളയ സഹോദരനെ കാറില്‍ കയറ്റി വേഗത്തില്‍ ഓടിച്ചു പോയതെന്നും പുനീത് പറഞ്ഞു.

വിവാഹസല്‍ക്കാരത്തിനിടെ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായിട്ടുണ്ടെന്ന് കാമായ്ഗഞ്ച് സര്‍ക്കിള്‍ ഓഫീസര്‍ രാജ് വീര്‍ സിങ് ഗൗര്‍ പറഞ്ഞു. വാഹനമിടിച്ചാണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റത്. അതേസമയം, ഒമ്പത് വയസ്സുകാരന്റെ മരണകാരണം വ്യക്തമായിട്ടില്ല. വാഹനമിടിച്ച് കൊല്ലപ്പെട്ടതാണോ അതോ മറ്റെന്തെങ്കിലും രീതിയില്‍ കൊലപ്പെടുത്തിയതാണോ എന്നത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് പിന്നാലെ വരന്‍ മനോജ്കുമാറും സുഹൃത്തുക്കളും ബന്ധുക്കളും ഒളിവിലാണ്.

Top