കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പുനഃസംഘടനയ്ക്ക് പിന്നാലെ പാർട്ടിയിൽ തമ്മിലടി

തിരുവനന്തപുരം : ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനഃസംഘടനയെ ചൊല്ലി സംസ്ഥാന കോൺഗ്രസിൽ എതിർപ്പ് കടുക്കുന്നു. ഡിസിസി യോഗങ്ങൾ അടക്കം ബഹിഷ്ക്കരിച്ച് ഇനിയുള്ള പുനഃസംഘടനാ നടപടികളുമായി നിസഹകരിക്കാൻ എ ഗ്രൂപ്പ് തീരുമാനിച്ചു. മാനദണ്ഡങ്ങൾ ലംഘിച്ചാണ് പട്ടിക തയ്യാറാക്കിയതെന്ന് എംകെ രാഘവൻ എംപി വിമർശിച്ചു.

വയനാട് ലീഡേഴ്സ് മീറ്റിലുണ്ടായ ഐക്യാന്തരീക്ഷം കലാപത്തിലേക്ക് വഴിമാറുന്ന ദൃശ്യങ്ങളാണ് കേരളത്തിലെ കോൺഗ്രസിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ബ്ലോക്ക് പ്രസിഡണ്ടുമാരുടെ പട്ടികയിൽ അടിയന്തിര മാറ്റമില്ലാതെ പറ്റില്ലെന്ന നിലപാടിലാണ് എ-ഐ ഗ്രൂപ്പുകൾ. കൂടുതൽ നഷ്ടമുണ്ടായെന്ന പരാതിപ്പെടുന്ന എ ഗ്രൂപ്പ് നിസഹകരണം പ്രഖ്യാപിച്ചു. ഡിസിസി യോഗങ്ങളിലടക്കം ഇനി പങ്കെടുക്കില്ല. മണ്ഡലം പ്രസിഡണ്ടുമാരെ കണ്ടെത്താനുള്ള പുനസംഘടനാ നടപടികളിൽ നിന്നും വിട്ടുനിൽക്കും. ആകെയുള്ള 283 ബ്ലോക്കിൽ മൂന്ന് ജില്ലകൾ ഒഴികെ 197 പ്രസിഡണ്ടുമാരെയാണ് തീരുമാനിച്ചത്. ഇതിൽ ഒറ്റപ്പേരിലെത്തിയ സ്ഥലങ്ങളൊഴികെ തർക്കങ്ങളുള്ള 70 ഓളം സ്ഥലങ്ങളിൽ ഒരു ചർച്ചയും ഇല്ലാതെ കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും തീരുമാനമെടുത്തുവെന്നാണ് പരാതി. എംപിമാർക്കും വ്യാപക അതൃപ്തിയുണ്ട്. സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെ പല നടപടികളിലും അതൃപ്തനായ എ കെ രാഘവൻ ബ്ലോക്കിൽ താൻ മുന്നോട്ട് വെച്ച പേരുകൾ കൂടി വെട്ടിയതോടെ അമർഷത്തിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന പഴയ നിലപാടിലേക്ക് നീങ്ങുകയാണ് രാഘവൻ.

അതേ സമയംതർക്കമുള്ള സ്ഥലങ്ങളിൽ പാർട്ടി നേതൃത്വം ഒടുവിൽ തീരുമാനമെടുക്കുന്ന രീതിയാണ് ഇത്തവണയും തുടർന്നതെന്നാണ് സുധാകരനെയും സതീശനെയും അനുകൂലിക്കുന്നവരുടെ വിശദീകരണം. കെസി വേണുഗോപാലിനും മല്ലികാർജ്ജുന ഖർഗെക്കം മുന്നിലാണ് ഗ്രൂപ്പുകളുടെയും എംപിമാരുടെയും പരാതികൾ. എന്നാൽ കെസിയുടെ അറിവോട് കൂടിയാണ് തഴയലെന്ന ആക്ഷേപവും ഗ്രൂപ്പുകൾക്കുണ്ട്.

Top