മത ആഘോഷത്തിന് പ്രവേശനകവാടം നിർമിക്കുന്നതിൽ തർക്കം; ഏറ്റുമുട്ടൽ, കല്ലേറ്, വീടുകൾക്ക് തീവെച്ചു

പലാമു (ജാർഖണ്ഡ്): ജാർഖണ്ഡിലെ പലാമുവിൽ മതപരമായ ആഘോഷത്തോടനുബന്ധിച്ച് മറ്റൊരു വിഭാഗത്തിന്റെ ആരാധനാലയത്തിന് മുന്നിൽ പ്രവേശന കവാടം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വിഭാ​ഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. വാക്കുതർക്കത്തിൽ തുടങ്ങിയ പ്രശ്നം കല്ലേറിലേക്കും തീവെപ്പിലേക്കും നയിച്ചു. സംഭവത്തിൽ ഏതാനും വീടുകൾ ഭാഗികമായി കത്തിനശിച്ചതായും പൊലീസുകാർക്കും പരിക്കേറ്റതായും അധികൃതർ അറിയിച്ചു. കല്ലേറിലും അക്രമത്തിലും ചിലർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.

ഒരു സമുദായത്തിന്റെ ആരാധനാലയത്തിന് മുന്നിൽ മറ്റൊരു വിഭാ​ഗം പ്രവേശന കവാടം സ്ഥാപിക്കുന്നതിനെതിരെ എതിർപ്പുയർന്നു. ആദ്യം തർക്കത്തിലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പിന്നീട് കല്ലേറും തീവെപ്പും നടന്നതായി പാലമു ഐജി രാജ്കുമാർ ലക്ര വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മൂന്ന് വീടുകൾ ഭാഗികമായി കത്തിനശിച്ചു. രണ്ട് പൊലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. നാല് പൊലീസുകാർക്ക് പരിക്കേറ്റെന്നും അദ്ദേഹം വ്യക്തമാക്കി. പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയതായും 24 മണിക്കൂർ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചതായും പൊലീസ് അറിയിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്‌ത് സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥർ പ്രദേശത്ത് ക്യാമ്പ് ചെയ്യുകയും സ്ഥിതിഗതികൾ വീക്ഷിക്കുകയും ചെയ്യുന്നു. നിലവിൽ സ്ഥിതി​ഗതികൾ നിയന്ത്രണവിധേയമാണെന്നും ഐജി പറഞ്ഞു. അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. കിംവദന്തികളിൽ വിശ്വസിക്കരുതെന്നും പൊലീസിൽ വിശ്വാസമർപ്പിക്കണമെന്നും ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. കൃത്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

Top