സിഎഎയ്‌ക്കെതിരെ നടന്ന യോഗത്തിനിടെ സംഘര്‍ഷം; മേഘാലയയില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ഷില്ലോങ്: മേഘാലയയില്‍ ഗോത്ര ഇതര വിഭാഗങ്ങളും ഖാസി വിദ്യാര്‍ത്ഥി യൂണിയന്‍ അംഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഖാസി വിദ്യാര്‍ത്ഥി യൂണിയന്‍ (കെ.എസ്.യു) അംഗമാണ് കൊല്ലപ്പെട്ടത്. പൗരത്വ നിയമ ഭേദഗതി, ഇന്നര്‍ലൈന്‍ പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്.

ഏറ്റുമുട്ടലില്‍ നിരവധി കെ.എസ്.യു അംഗങ്ങള്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു. വാഹനങ്ങളും നശിപ്പിച്ചു.

സംഘര്‍ഷങ്ങളെ തുടര്‍ന്ന് ആറ് ജില്ലകളില്‍ ഇന്‍ര്‍നെറ്റ് സര്‍വീസ് താല്‍ക്കാലികമായി റദ്ദാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തും ഇന്നര്‍ലൈന്‍ പെര്‍മിറ്റിനെ അനുകൂലിച്ചും ഖാസി വിദ്യാര്‍ത്ഥി യൂണിയനും ഐഎല്‍പി അനുകൂല സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഘര്‍ഷം.

ഐഎല്‍പി നടപ്പാക്കുന്നതിനുള്ള പ്രമേയം സംസ്ഥാന നിയമസഭ ഇതിനകം പാസാക്കിയിട്ടുണ്ടെങ്കിലും ആഭ്യന്തര മന്ത്രാലയം ഇതുവരെ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല.

Top