ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ഡൽഹി: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ജില്ലയിലെ റെഡ്വാനി മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. പൊലീസും സുരക്ഷാ സേനയും ഭീകരരെ വളഞ്ഞിട്ടുണ്ട്. നിലവില്‍ എത്ര ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് അറിവായിട്ടില്ല. വെടിവയ്പ്പ് തുടരുകയാണെന്നും കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച രാവിലെ പുല്‍വാമയില്‍ ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തില്‍ ഒരു തൊഴിലാളി മരിച്ചു. രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു, ഇവര്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്. ബിഹാര്‍ സ്വദേശി മുഹമ്മദ് മുംതാസ് ആണ് മരിച്ചത്. ബിഹാറിലെ രാംപൂര്‍ സ്വദേശികളായ മുഹമ്മദ് ആരിഫ്, മുഹമ്മദ് മജ്ബൂല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സുരക്ഷാ സേനയുടെ സംയുക്ത സംഘം പ്രദേശത്ത് തെരച്ചില്‍ നടത്തിയിരുന്നു.

വ്യാഴാഴ്ച രാവിലെ വടക്കന്‍ കശ്മീരിലെ ഹന്ദ്വാരയില്‍ മൂന്ന് ഭീകരരെ സുരക്ഷാസേന പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. സുരക്ഷാ സേനയെ ആക്രമിക്കാനും പ്രദേശവാസികളെ ലക്ഷ്യമിട്ട് ആക്രമണം നടത്താനുമാണ് ഇവരെ ഏല്‍പ്പിച്ചിരുന്നത്. ഇതിനിടെ സുരക്ഷാ സേനയെ കണ്ട് മൂന്ന് പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സൈനികര്‍ ഓടിയെത്തി ഇവരെ പിടികൂടി. തെരച്ചിലില്‍ ഒരു പിസ്റ്റള്‍, ഒരു മാഗസിന്‍, ഏഴ് റൗണ്ടുകള്‍, രണ്ട് ഹാന്‍ഡ് ഗ്രനേഡുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ കണ്ടെടുത്തു.

Top