ഗവർണ്ണറുടെ ‘ചിറകരിയാൻ’ സർക്കാർ, വെട്ടിലാകാൻ പോകുന്നത് പ്രതിപക്ഷം

ബംഗാളിനും തമിഴ്‌നാടിനും പിന്നാലെ ഗവര്‍ണറുടെ ചിറകരിയുന്ന നിലപാടിലേക്കാണ് കേരളവും ഇപ്പോള്‍ നീങ്ങിയിരിക്കുന്നത്. സര്‍വകലാശാലകളില്‍ സര്‍ക്കാരിന് നേരിട്ട് വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ അധികാരം നല്‍കുന്ന നിയമഭേദഗതി പാസാക്കിയ തമിഴ്‌നാട് മോഡലില്‍ കേരളത്തിലും നിയമഭേദഗതി കൊണ്ടുവരാനാണ്  ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.നിയമസഭയില്‍ ഇക്കാര്യം വരുമ്പോള്‍ പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാടും ഇനി ശ്രദ്ധയമാകും. സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ 99 അംഗങ്ങളുടെ പിന്തുണ ഭരണപക്ഷത്തിനുണ്ട്. ബില്‍ പാസാകാന്‍ ഈ സംഖ്യ ധാരാളമാണ്. യു.ഡി.എഫ് എന്ത് നിലപാട് സ്വീകരിച്ചാലും അതു കൊണ്ട് പ്രത്യേകിച്ച് ഒരുമാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല.

എന്നാല്‍, ഗവര്‍ണറുടെ നിലപാടുകളെ പിന്തുണച്ച്, സര്‍ക്കാറിനെതിരായ നിലപാട് നിയമസഭയിലും യു.ഡി.എഫ് സ്വീകരിച്ചാല്‍, അത് ഇടതുപക്ഷത്തെ സംബന്ധിച്ച് രാഷ്ട്രീയ നേട്ടമായാണ് മാറുക. ഇക്കാര്യത്തില്‍, മുസ്ലീംലീഗ് നിലപാടും നിര്‍ണ്ണായകമാകും. രാജ് ഭവനെ മുന്‍ നിര്‍ത്തി ആര്‍.എസ്.എസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് സി.പി.എം ആരോപിച്ചിരിക്കുന്നത്. ഈ ആരോപണം അന്തരീക്ഷത്തില്‍ നിലനില്‍ക്കെ ഗവര്‍ണറുടെ നിലപാടുകളെ പിന്തുണയ്ക്കുന്ന ഒരു നിലപാട് സ്വീകരിച്ചാല്‍  മുസ്ലീം ലീഗിലും അത് പൊട്ടിത്തെറിയുണ്ടാക്കും. ഗവര്‍ണര്‍ ചാന്‍സലറായി തുടര്‍ന്നാല്‍ ആര്‍.എസ്.എസുകാര്‍ വൈസ് ചാന്‍സലര്‍ പദവികളില്‍ എത്തുമെന്നത് ലീഗിനെയും  രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്ന ഘടകമാണ്. കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വവും  ഇക്കാര്യത്തില്‍ വെട്ടിലായ അവസ്ഥയിലാണുള്ളത്. കോണ്‍ഗ്രസ്സ് അധികാരത്തിലുള്ള രാജസ്ഥാനില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ ഒഴിവാക്കാന്‍ ഇതിനകം തന്നെ നീക്കം തുടങ്ങിയിട്ടുണ്ട്. ഇക്കാര്യം സി.പി.എം ഉന്നയിക്കുന്നതോടെ കോണ്‍ഗ്രസ്സാണ് പ്രതിരോധത്തിലാകുക. മാത്രമല്ല, കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സ് പ്രതിഷേധത്തിലുമാണ്. ഈ വിഷയത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസ്സ് നിലപാടിനൊപ്പമാണ്.

ഇ.ഡിക്കെതിരായ നീക്കത്തിനെതിരെ സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ സീതാറാം യച്ചൂരി ഉള്‍പ്പെടെയാണ് പങ്കെടുത്തിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധ റാലിയിലും  ഇടതുപക്ഷ നേതാക്കള്‍ സജീവമായി പങ്കെടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍
കേരള ഗവര്‍ണര്‍ക്കെതിരായ പിണറായി സര്‍ക്കാര്‍ നിലപാടിനെ  യു.ഡി.എഫ് പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന നിലപാടാണ് കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിനുള്ളത്. എന്നാല്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ തുടങ്ങി ഒരു വിഭാഗം നേതാക്കള്‍ക്ക് വ്യത്യസ്ത അഭിപ്രായമാണ് ഉള്ളത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം അടക്കമുള്ള വിഷയങ്ങളില്‍ ഗവര്‍ണര്‍ സ്വീകരിച്ച നിലപാടുകളെ നിയമസഭയിലും പിന്തുണയ്ക്കണമെന്ന അഭിപ്രായക്കാരാണിവര്‍. കഴിഞ്ഞ ആറ് വര്‍ഷമായി സര്‍വ്വകലാശാലകളില്‍ നടന്ന ബന്ധു നിയമനങ്ങള്‍ അന്വേഷിക്കണമെന്നാണ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടിരിക്കുന്നത്

ഗവര്‍ണര്‍ – സര്‍ക്കാര്‍ ചേരിപ്പോരില്‍ ഗവര്‍ണറുടെ പക്ഷം നിന്നാണ് ചാനല്‍ ചര്‍ച്ചകളിലും കോണ്‍ഗ്രസ്സ് പ്രതിനിധികള്‍ പങ്കെടുത്തിരിക്കുന്നത്. ഈ നിലപാട് നിയമസഭയിലും തുടര്‍ന്നാല്‍  തീര്‍ച്ചയായും മുസ്ലീംലീഗാണ് വെട്ടിലാകുക. പരസ്യമായി സംഘപരിവാര്‍ നിലപാടുകളെ പിന്തുണയ്ക്കുകയും മറ്റു ഗവര്‍ണര്‍മാരില്‍ നിന്നും വ്യത്യസ്തമായി വിവാദ പ്രസ്താവനകള്‍ തുടര്‍ച്ചയായി നടത്തുകയും ചെയ്യുന്ന ആരിഫ് മുഹമ്മദ് ഖാനെ ഒരു കാരണവശാലും പിന്തുണയ്ക്കരുതെന്നതാണ് ലീഗ് അണികളുടെ ആവശ്യം. ഒരു എം.എല്‍.എ പോലും ഇല്ലാത്ത ബി.ജെ.പി ചാന്‍സലറെ മുന്‍ നിര്‍ത്തി  കാലിക്കറ്റ് സര്‍വകലാശാലകളില്‍ ഉള്‍പ്പെടെ  വൈസ് ചാന്‍സലര്‍മാരെ നിയമിച്ചാല്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലും വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നാണ്  ഈ വിഭാഗം ആശങ്കപ്പെടുന്നത്.ലീഗിനെ പിന്തുണയ്ക്കുന്ന വിവിധ സംഘടനകളും നേതൃത്വത്തോട് തങ്ങളുടെ ആശങ്ക പങ്കുവച്ചിട്ടുണ്ട്. ഇതോടെ, ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്‍ അവതരണത്തെ അനുകൂലിച്ചാലും വിട്ടു നിന്നാലും അത് ലീഗിന് ഉണ്ടാക്കാന്‍ പോകുന്നത് വലിയ പ്രതിസന്ധിയായിരിക്കും. സമസ്ത ഉള്‍പ്പെടെയുള്ള ലീഗ് അനുകുല സംഘടനകളും ഗൗരവത്തോടെയാണ് ബില്ലവതരണത്തെ നോക്കി കാണുന്നത്.

പൊട്ടിത്തെറി ഒഴിവാക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കളുമായും ലീഗ് നേതാക്കള്‍ ഇതിനകം തന്നെ ആശയ വിനിമയം നടത്തിയിട്ടുണ്ട്. എന്നാല്‍, കേരളത്തില്‍ ഇടതുപക്ഷമാണ് പ്രധാന ശത്രു എന്നതിനാല്‍  സര്‍ക്കാറിനെ കടന്നാക്രമിക്കണമെന്ന നിലപാടില്‍ ഇപ്പോഴും കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗം ഉറച്ചു നില്‍ക്കുകയാണ്. കോണ്‍ഗ്രസ്സ് ഈ നിലപാട് നിയമസഭയിലും ആവര്‍ത്തിച്ചാല്‍ ലീഗ് എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റു നോക്കുന്നത്. യു.ഡി.എഫ് ഗവര്‍ണര്‍ പ്രേമം തുടര്‍ന്നാല്‍ രാജസ്ഥാന്‍ സര്‍ക്കാറിന്റെ നിലപാട് ഉന്നയിച്ച് നിയമസഭയില്‍ പ്രതിരോധിക്കാനാണ് സി.പി.എം തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ പ്രേരിത നീക്കങ്ങള്‍ക്കെതിരെ പ്രതിപക്ഷം യോജിച്ച് പോരാടേണ്ട സമയത്തു തന്നെ കേരള ഗവര്‍ണറെ പിന്തുണയ്ക്കുന്ന നിലപാട് കോണ്‍ഗ്രസ്സ് സ്വീകരിക്കുന്നതില്‍ യു.പി.എ ഘടക കക്ഷികളിലും രൂക്ഷ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഡി.എം.കെ നേതാക്കളാണ് അമര്‍ഷം പ്രകടിപ്പിച്ചിരിക്കുന്നത്. തമിഴ്‌നാട് മോഡലില്‍ ഗവര്‍ണറുടെ അധികാരം വെട്ടികുറക്കാനുള്ള കേരള സര്‍ക്കാര്‍ നിലപാടിനെയാണ് ഡി.എം.കെ പിന്തുണയ്ക്കുന്നത്. ‘അനിവാര്യമായ നടപടി എന്നാണ് ‘ ഇതേ കുറിച്ച് മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. തമിഴ് നാട് ഗവര്‍ണ്ണര്‍ ആര്‍.എന്‍.രവി, ഊട്ടിയില്‍ സംസ്ഥാനത്തെ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനം വിളിച്ച ദിവസം തന്നെയാണ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറച്ചുകൊണ്ടുള്ള നിയമഭേദഗതി  സ്റ്റാലിന്‍ സര്‍ക്കാറും പാസാക്കിയിരുന്നത്. പ്രതിപക്ഷ പാര്‍ട്ടികളായ എഐഎഡിഎംകെയും ബിജെപിയും ഈ നീക്കത്തെ ശക്തമായി എതിര്‍ത്തെങ്കിലും അതൊന്നും തന്നെ വിലപ്പോയിരുന്നില്ല. ‘വൈസ് ചാന്‍സലറെ നിയമിക്കുന്നതില്‍ സര്‍ക്കാരിന് അധികാരമില്ലാത്ത സാഹചര്യം ഉന്നത വിദ്യാഭ്യാസ രംഗത്തെ ആകെ ബാധിക്കുമെന്നാണ് ” നിയമ നിര്‍മാണത്തെ അനുകൂലിച്ചുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നത്. ഇക്കാര്യം തന്നെയാണ് കേരള സര്‍ക്കാറും നിലവില്‍ ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച്  ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതാണ് നിലവിലുള്ള രീതി. എന്നാല്‍ ഗവര്‍ണര്‍മാര്‍, ഇത് തന്റെ സവിശേഷ അധികാരമായി കരുതുന്ന പ്രവണതയുണ്ടെന്നും  സ്റ്റാലിന്‍ തുറന്നടിക്കുകയുണ്ടായി.
പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ സേര്‍ച്ച് കമ്മിറ്റി നിര്‍ദേശിക്കുന്ന മൂന്ന് പേരുകളില്‍ നിന്ന് ഒരാളെ വൈസ് ചാന്‍സലറായി സര്‍ക്കാര്‍ തന്നെയാണ് തിരഞ്ഞെടുക്കുന്നതെന്ന് കാര്യവും  സ്റ്റാലിന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതേ രീതി തന്നെയാണ് തെലങ്കാന, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളും പിന്തുടരുന്നതെന്നും തമിഴ് നാട് മുഖ്യമന്ത്രി വെളിപ്പെടുത്തുകയുണ്ടായി. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരും  കഴിഞ്ഞ ഡിസംബറില്‍ ഇത്തരത്തില്‍ ഒരു നിയമ നിര്‍മാണമാണ് നടത്തിയിരുന്നത്.  ഇക്കാര്യങ്ങളെല്ലാം തന്നെ കേരളത്തിലെ ബില്‍ ചര്‍ച്ചാ വേളയില്‍ ഇടതുപക്ഷ അംഗങ്ങള്‍ തുറുന്നുകാട്ടുന്നതോടെ നിന്നുരുകാന്‍ പോകുന്നത് യു.ഡി.എഫ് നേതാക്കളായിരിക്കും. അതിനു തന്നെയാണ് സാധ്യതയും കൂടുതല്‍. ബി.ജെ.പിക്കും ഗവര്‍ണര്‍ക്കും എതിരായ ഏതു നീക്കവും  അത് എന്തു തന്നെ ആയാലും രാഷ്ട്രീയമായി ഗുണം ചെയ്യുക ഇടതുപക്ഷത്തിനു തന്നെയാണ്. ചരിത്രത്തില്‍ ആദ്യമായി ഇടതിന് ഭരണ തുടര്‍ച്ച ലഭിച്ചിട്ടും  ആ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ യു.ഡി.എഫിനു കഴിഞ്ഞിട്ടില്ലങ്കില്‍ സഹതപിക്കുക മാത്രമേ നിവൃത്തിയൊള്ളൂ .


EXPRESS KERALA VIEW

Top