ബെംഗളൂരുവില്‍ ബി.ജെ.പി – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി; നിരോധനാജ്ഞ…

police attack

ബെംഗളൂരു: കര്‍ണാടകയിലെ രാഷ്ടീയ പ്രതിസന്ധിക്കിടെ കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ബെംഗളൂരുവില്‍ ഏറ്റുമുട്ടിയതിന് പിന്നാലെ നഗരത്തില്‍ പോലീസ് 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടംചേരാന്‍ പാടില്ലെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈകീട്ട് ആറുമുതല്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍വന്നു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നിരോധനാജ്ഞ നിലവിലുണ്ടാവുമെന്ന് പോലീസ് കമ്മീഷണര്‍ അലോക് കുമാര്‍ അറിയിച്ചു.

നഗരത്തിലെ പബ്ബുകളും വൈന്‍ ഷോപ്പുകളും ജൂലായ് 25വരെ തുറക്കാന്‍ അനുവദിക്കില്ല. പോലീസിന്റെ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബി.ജെ.പി – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത് ബെംഗളൂരുവിലെ റേസ് കോഴ്സ് റോഡിലാണ്. റേസ് കോഴ്സ് റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ രണ്ട് വിമത എം.എല്‍.എമാര്‍ തങ്ങുന്നുവെന്ന അഭ്യൂഹം പ്രചരിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. പോലീസ് ഉടന്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

Top