എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യത റൗണ്ട് ; ഇന്ത്യന്‍ ടീമില്‍ നിന്നും വിനീത് പുറത്ത്

ന്യൂഡല്‍ഹി: എ.എഫ്.സി. ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സി കെ വിനീത് പുറത്ത്.

എന്നാല്‍ ഗോള്‍ കീപ്പര്‍ ടി പി രഹനേഷും അനസ് എടത്തൊടികയും ടീമില്‍ ഇടംനേടിയിട്ടുണ്ട്.

ഈ മാസം ചെന്നൈയില്‍ ആരംഭിക്കുന്ന പരിശീലന ക്യാമ്പില്‍ 34 പേരാണ് ഉള്ളത്. ആഗസ്റ്റ് 11 മുതലാണ് പരിശീലനം.

ഇന്ത്യന്‍ ടീം പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്‌റ്റെന്റെയ്‌നാണ് 34 അംഗ ടീമിനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഐ.എസ്.എല്ലിലും ഫെഡറേഷന്‍ കപ്പിലും മികവ് തെളിയിച്ച വിനീതിനെ ഉള്‍പ്പെടുത്താതിന്റെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഫെഡറേഷന്‍ കപ്പ് ഫൈനലിനിടെ പരിക്കേറ്റ വിനീത് ഫിറ്റ്‌നെസ് വീണ്ടെടുത്തിരുന്നു.

വിനീതിന് പുറമെ ഐ.എസ്.എല്ലിലെ വില കൂടിയ ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങ്ങിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

എ.എഫ്.സി അണ്ടര്‍23 ചാമ്പ്യന്‍ിപ്പില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച അഞ്ച് താരങ്ങള്‍ക്ക് സീനിയര്‍ ക്യാമ്പില്‍ ഇടം നല്‍കിയിട്ടുണ്ട്. സര്‍ദക്ക് ഗോലൂയ്, ദര്‍വീന്ദര്‍ സിങ്, നിഖില്‍ പൂജാരി, അനിരുദ്ധ് താപ, മന്‍വീര്‍ സിങ് എന്നീ പുതുമുഖങ്ങളും ടീമിലുണ്ട്.

സെപ്തംബര്‍ 5 ന് മക്കാവുവിനെതിരെയാണ് ഇന്ത്യയുടെ മൂന്നാം മത്സരം. ആദ്യ രണ്ട് മത്സരങ്ങളില്‍ മ്യാന്‍മറിനെയും കിര്‍ഗിസ് റിപ്പബ്ലിക്കിനെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

Top