നിന്റെ പോരാട്ടത്തില്‍ ഞങ്ങളും അണിചേരുന്നു ; വിജയം ശ്രീജിത്തിന് സമര്‍പ്പിച്ച് സി.കെ വിനീത്

sreejith strike

മുംബൈ: പൊലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ട അനുജന്‍ ശ്രീജിവിന്‌റെ മരണം സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി സൂപ്പര്‍ താരം സി.കെ വിനീത്. നീതിയ്ക്കു വേണ്ടിയുള്ള നിന്റെ പോരാട്ടത്തില്‍ ഞങ്ങളും അണിചേരുന്നു എന്നു പറഞ്ഞുകൊണ്ടായിരുന്നു വിനീത് രംഗത്തെത്തിയത്.

ബ്ലാസ്റ്റേഴ്‌സിലെ മറ്റൊരു മലയാളി താരമായ റിനോ ആന്റോയ്‌ക്കൊപ്പമുള്ള തന്റെ ചിത്രമുള്‍പ്പടെയാണ് വിനീത് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ശ്രീജിത്തിന് പിന്തുണയറിയിച്ചത്. ഞായറാഴ്ച നേടിയ വിജയം ശ്രീജിത്തിന് സമര്‍പ്പിക്കുന്നതായും വിനീത് പറയുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈയെ ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തത്. ഇതിന് പിന്നാലെയായിരുന്നു വിനീതിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

രണ്ട് വര്‍ഷം മുന്‍പ് ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട തന്റെ സഹോദരന്‍ ശ്രീജിവിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ശ്രീജിത്ത് സെക്രട്ടറിയേറ്റിനു മുന്‍പില്‍ സമരം ചെയ്യുന്നത്.

കഴിഞ്ഞ ഡിസംബര്‍ 22ന് കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സിബിഐയ്ക്ക് കത്തയച്ചിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെയും ഹൈക്കോടതിയുടേതുമായി നിരവധി കേസുകള്‍ പക്കലുണ്ടെന്നും അതുകൊണ്ട് ഈ കേസ് ഏറ്റെടുക്കാനാകില്ലെന്നുമാണ് സിബിഐ അറിയിച്ചത്‌.

2014 മെയ് 21 നാണ് ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവ് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെടുന്നത്. എന്നാല്‍, അടിവസ്ത്രത്തില്‍ സൂക്ഷിച്ചിരുന്ന വിഷം കഴിച്ചാണ് ശ്രീജിവ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Top