കെപിസിസി മുൻ വൈസ് പ്രസിഡന്റ് സികെ ശ്രീധരൻ പാർട്ടി വിടുന്നു; സിപിഎമ്മിൽ ചേരും

കാസർകോട്: മുൻ കെപിസിസി ഉപാധ്യക്ഷനും കാസർകോട് ഡിസിസി അധ്യക്ഷനുമായിരുന്ന സികെ ശ്രീധരൻ കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക്. നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് നടപടി. 17ന് പാർട്ടി വിടാനുള്ള തീരുമാനം പത്രസമ്മേളനം നടത്തി വിശദീകരിക്കും. 19ന് കാഞ്ഞങ്ങാട് സിപിഎം അദ്ദേഹത്തിന് ഔദ്യോഗിക സ്വീകരണം നൽകും. പരിപാടിയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കും.

ഉപാധികളൊന്നുമില്ലാതെയാണ് താൻ സിപിഎമ്മിൽ ചേരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി വിടാൻ നിരവധി കാരണങ്ങളുണ്ട്. കേരളത്തിലെ കോൺഗ്രസിലെ നേതൃത്വം പല വിഷയങ്ങളിലും സ്വീകരിക്കുന്ന നിലപാടുകളോടുള്ള വിയോജിപ്പാണ് പാർട്ടി വിടാനുള്ള പ്രധാന കാരണം. കെപിസിസി പ്രസിഡന്റ് കെ സുധാകരന് ആർഎസ്എസ് അനുകൂല നിലാപാടാണ് സ്വീകരിക്കുന്നത്. മറ്റ് കാരണങ്ങളും പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചുവെന്നും സികെ ശ്രീധരൻ പറയുന്നു.

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ശ്രീധരൻ. അടുത്തിടെ സികെ ശ്രീധരന്റെ പുസ്തകപ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചതോടെ അദ്ദേഹം കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോകുന്നുവെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ
അപ്പോഴൊന്നും ഈ വിഷയത്തിൽ കോൺഗ്രസോ ശ്രീധരനോ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല.

Top