‘ദരിദ്ര’ കമ്യൂണിസ്റ്റുകാരനെ മന്ത്രിയാക്കി ഞെട്ടിക്കാന്‍ പിണറായിയുടെ കരുനീക്കം !

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും ‘ദരിദ്ര’ എം.എല്‍.എയായ സി.കെ ശശീന്ദ്രനെ മന്ത്രിയാക്കാന്‍ അണിയറ നീക്കം. കല്‍പ്പറ്റ എം.എല്‍.എയായ ശശീന്ദ്രന്‍ ഉള്‍പ്പെടെ ഏതാനും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുന:സംഘടിപ്പിക്കാനാണ് നീക്കം. തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീറും, തൃപ്പൂണിത്തുറ എം.എല്‍.എ എം.സ്വരാജും പരിഗണിക്കപ്പെടുന്നവരില്‍ ചിലരാണ്.

കാലാവധി തീരാന്‍ 17 മാസം മാത്രം ബാക്കി നില്‍ക്കെയാണ് മന്ത്രിസഭയില്‍ പിണറായി സര്‍ക്കാര്‍ പുനഃസംഘടനക്കൊരുങ്ങുന്നത്. മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരെയാകും മാറ്റുക. ടൂറിസം മന്ത്രി എ.സി.മൊയ്തീനും എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് അടുത്ത വര്‍ഷം നടക്കാനുള്ള തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മുഖം മിനുക്കലാണിത്. പകരം പുതുമുഖങ്ങള്‍ എത്തും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ മുമ്പായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാണ് എ.സി.മൊയ്തീനേയും ടി.പി.രാമകൃഷ്ണനേയും ഒഴിവാക്കുന്നത്. മൂന്ന് മുതല്‍ അഞ്ച് പുതുമുഖങ്ങളെ മന്ത്രിസഭയിലെത്തിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുങ്ങുന്നത്. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും മന്ത്രിസഭയിലെത്തിയേക്കും. പകരം മുതിര്‍ന്ന അംഗങ്ങളായ സുരേഷ് കുറുപ്പോ രാജു എബ്രഹാമോ സ്പീക്കര്‍ സ്ഥാനത്തേക്കെത്തും.

വനിതാ മന്ത്രിമാരായ കെ.കെ.ശൈലജയും ജെ.മേഴ്‌സിക്കുട്ടിയമ്മയും സ്ഥാനത്ത് തുടരും. കൂടാതെ ഒരു വനിതാ മന്ത്രിയെ കൂടി ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. കൊട്ടാരക്കര എംഎല്‍എ ആയിഷാ പോറ്റിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. ഇതോടെ സംസ്ഥാനത്തെ മന്ത്രിമാരുടെ എണ്ണം 20-ല്‍ നിന്ന് 21 ആയി ഉയരും.

ധനമന്ത്രി തോമസ് ഐസക്, വൈദ്യുതി മന്ത്രി എം.എം.മണി, വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ തുടങ്ങിയവര്‍ സ്ഥാനത്ത് തന്നെ തുടരും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനും അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കും.

അതേസമയം മുതിര്‍ന്ന മന്ത്രിമാരായ ഇ.പി.ജയാരജനും എ.കെ.ബാലനും സ്വയം സ്ഥാനമൊഴിയാന്‍ തയ്യാറല്ലെങ്കില്‍ മന്ത്രിസഭയില്‍ തുടരനാണ് സാധ്യത. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ നീക്കാനുള്ള സാധ്യത കൂടുതലാണ്.

ഇതിനിടെ ബാലകൃഷ്ണപിള്ളയുടെ നിരന്തര ആവശ്യം പരിഗണിച്ച് കെ.ബി.ഗണേഷ് കുമാറിന് മന്ത്രിപദം നല്‍കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഇതിലൂടെ സര്‍ക്കാരുമായി അകന്ന് നില്‍ക്കുന്ന എന്‍എസ്എസിനെ അടുപ്പിക്കാനാകുമെന്നും കണക്ക്കൂട്ടുന്നു.

cpm

cpm

ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവിതം എങ്ങനെയായിരിക്കണമെന്ന് ജീവിച്ച് കാണിച്ചു തരുന്ന വ്യക്തിയാണ് ഇപ്പോള്‍ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന സികെ ശശീന്ദ്രന്‍. സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. മണ്ണിനും തനിക്കുമിടയില്‍ ഒരു ചെരുപ്പിന്റെ അകലം പോലും വേണ്ടന്ന് വച്ച കമ്യൂണിസ്റ്റ് നേതാവാണ്.

കല്‍പ്പറ്റ മണ്ഡലം രൂപം കൊണ്ടതിനു ശേഷം ഇതാദ്യമായാണ് ശശീന്ദ്രനിലൂടെ ഒരു സി.പി.എം എം.എല്‍.എ ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെടുന്നത്. പരാജയപ്പെടുത്തിയത് നിസാരക്കാരനെയല്ല, സംസ്ഥാനത്തെ ശക്തമായ മാധ്യമ ശൃംഖലയുടെ മേധാവിയായ എം.വി.ശ്രേയാംസ് കുമാറിനെ.

പണത്തിനും പവറിനും മീതെ ശശീന്ദ്രനും പറക്കും എന്ന് തെളിയിച്ച ജനവിധിയായിരുന്നു അത്. ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടെയും സമര നായകനാണ് ഈ കുറിയ മനുഷ്യന്‍.

അതിരാവിലെ എഴുന്നേറ്റ് പശുക്കളെ കറന്ന് പാല്‍പാത്രവുമായി കല്‍പ്പറ്റയിലെ നഗര വീഥികളിലൂടെ നഗ്നപാദനായി ഒരു എം.എല്‍.എ നടക്കുന്നത് സിനിമയില്‍ പോലും ഒരു പക്ഷേ നമ്മള്‍ കണ്ടിട്ടുണ്ടാകില്ല.

എന്നാല്‍ കല്‍പ്പറ്റ നിവാസികള്‍ക്ക് ഇത് പതിവ് കാഴ്ചയാണ്. പഴയ ആളുകള്‍ക്ക് മാത്രമല്ല, പുതു തലമുറയില്‍പ്പെട്ടവരും ഓര്‍മ്മവെച്ച കാലം മുതല്‍ ശശീന്ദ്രനെ കാണുന്നത് ഇങ്ങനെയാണ്. തീര്‍ന്നില്ല. . പശുക്കളെ കുളിപ്പിക്കുന്നതും പച്ചക്കറി നട്ട് നനക്കുന്നതുമെല്ലാം ഈ കമ്യൂണിസ്റ്റിന്റെ ദിനചര്യകളില്‍ ഉള്‍പ്പെടുന്നവയാണ്. ഈ എം.എല്‍.എയുടെ ഇഷ്ട വാഹനം സൈക്കിളാണ്.

പ്രത്യയ ശാസ്ത്രവും ജീവിതവും രണ്ടല്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച ശശീന്ദ്രന് മുന്നില്‍ ആവശ്യങ്ങള്‍ക്കായി എത്തുന്ന ഏതൊരാള്‍ക്കും തങ്ങളില്‍ ഒരുവനായി മാത്രമേ ഇദ്ദേഹത്തെ കാണാന്‍ പറ്റൂകയുള്ളു.

സഹജീവിയുടെ വേദനകള്‍ സ്വന്തം ഹൃദയത്തിലേറ്റ് വാങ്ങുന്ന ശശീന്ദ്രന്‍ അഴിമതിക്കാരുടെ കണ്ണിലെ കരടാണ്. പൊതുവെ സൗമ്യനാണെങ്കിലും സമരമുഖങ്ങളില്‍ കത്തുന്ന പ്രക്ഷോഭകാരിയെയാണ് ഈ കമ്യുണിസ്റ്റില്‍ ദര്‍ശിക്കാന്‍ കഴിയുക.

ഭൂമാഫിയയുടെ ഉറക്കം കെടുത്തിയ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് ആദിവാസികളെ മണ്ണിന്റെ ഉടമകളാക്കി മാറ്റി. ഇതിന്റെ ഭാഗമായി നിരവധി തവണ ക്രൂരമായ മര്‍ദ്ദനം നേരിടേണ്ടി വന്നു. പല തവണ ജയിലിലടക്കപ്പെട്ടു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ എസ്.എഫ്.ഐക്കാരനായാണ് തുടക്കം. പിന്നീട് ബത്തേരി സെന്റ് മേരീസ് കോളജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും കരസ്ഥമാക്കി.

ഭാര്യ ഉഷാകുമാരിയും മക്കളായ അനഘയും, ഗൗതം പ്രകാശും ജീവിതത്തില്‍ മാതൃകയാക്കുന്നതും പിതാവിന്റെ ലളിത ജീവതം തന്നെയാണ്. ഇപ്പോള്‍ സി.പി.എം നേതാക്കള്‍ക്കും കുടുംബത്തിനും ആഢംബര ജീവിതം ആരോപിക്കുന്നവര്‍ക്ക് മുന്നില്‍ വയനാട്ടിലെ ഈ ജനകീയ കമ്യൂണിസ്റ്റിന്റെ ജീവതമാണ് പ്രതിരോധത്തിനായി സഖാക്കള്‍ ഉപയോഗപ്പെടുത്തി വരുന്നത്.

Political Reporter

Top