CJM Trivandrum-Nettayam Ramabhadran Murder case

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് നെട്ടയം രാമഭദ്രന്‍ വധക്കേസില്‍ പ്രതികളായ സിപിഐഎം നേതാക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളായ ബാബു പണിക്കര്‍, റിയാസ്, മാക്‌സണ്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം സിജെഎം കോടതി തള്ളിയത്.

പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിബിഐ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നത്.

പ്രതികള്‍ക്ക് ഉന്നത ബന്ധം ഉള്ളതിനാല്‍ ഇവര്‍ കേസിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. ഇവര്‍ക്ക് ജാമ്യം ലഭിച്ചാല്‍ അത് കേസിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കും. ഗൂഢാലോചന, കൊലക്കുറ്റം, സംഘംചേരല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതിനാല്‍ ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നും റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കിയിരുന്നു.

പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച അപേക്ഷ കോടതി പരിഗണിക്കുകയാണ്.

കേസിലെ പ്രധാന പ്രതിയാ അഞ്ചല്‍ ഏരിയാ സെക്രട്ടറി ടിഎസ് സുമനോട് സിബിഐക്ക് മുന്നില്‍ ഹാജാരാകാന്‍ സിപിഐഎം നിര്‍ദേശം നല്‍കി. കേസിനെ നിയമപരമായി നേരിടാനും പാര്‍ട്ടി സുമനോട് നിര്‍ദേശിച്ചു.

കേസുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ സ്റ്റാഫായ മാക്‌സണേയും സിപിഐഎം ജില്ലാ കമ്മറ്റിയംഗമായ ബാബു പണിക്കരേയും ഡിവൈഎഫ്‌ഐ നേതാവ് റിയാസിനേയും സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസ് അന്വേഷിക്കുന്ന സിബിഐ സംഘമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

എന്നാല്‍, രാമഭദ്രനെ കൊന്നത് സിപിഎമ്മിന്റെ അറിവോടെയെന്നു പ്രതി സി.ബി.ഐയ്ക്ക് മൊഴി നല്‍കിയിരുന്നു. രാമഭദ്രനെ കൊലപ്പെടുത്തുമെന്ന് ബാബുപണിക്കര്‍ക്കും സുമനും അറിയാമായിരുന്നു. ബാബു പണിക്കര്‍ ജില്ലാ കമ്മിറ്റിയംഗവും സുമന്‍ അഞ്ചല്‍ ഏരിയ സെക്രട്ടറിയുമാണ് . കൊലക്കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിയായ പ്രതികളിലൊരാളാണ് നിര്‍ണായക മൊഴി നല്‍കിയത്.

റിയാസ്, മാക്‌സണ്‍ എന്നിവര്‍ക്ക് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നും, എസ് ജയമോഹന്‍, ബാബു പണിക്കര്‍ എന്നിവര്‍ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തി എന്നുമാണ് സിബിഐ കോടതിയില്‍ അറിയിച്ചത്.

2010ഏപ്രില്‍ 10ന് രാത്രിയിലായിരുന്നു ഏരൂരിലെ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും ഐഎന്‍ടിയുസി ഏരൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ നെട്ടയം രാമഭദ്രന്‍ കൊല്ലപ്പെട്ടത്.

ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയായിരുന്നു. സംഭവത്തില്‍ അന്ന് സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെ 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചും കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും രാമഭദ്രന്റെ ഭാര്യ ബിന്ദു ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കേസ് സിബിഐക്ക് വിട്ടത്.

Top