കെഎഎസ് ഉയര്‍ന്ന അടിസ്ഥാന ശമ്പളം; പ്രതിഷേധം അറിയിച്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: കേരള അഡ്മിസ്‌ട്രേറ്റീവ് സര്‍വീസില്‍ ഉയര്‍ന്ന അടിസ്ഥാന ശമ്പളം നിശ്ചയിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ എതിര്‍പ്പ് അറിയിച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് അസോസിയേഷനുകള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

നിലവില്‍ നിശ്ചയിച്ച ശമ്പള വ്യവസ്ഥ അധികാര ക്രമത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ കത്തില്‍ പറയുന്നു. മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറങ്ങും മുന്‍പുതന്നെ സര്‍ക്കാര്‍ ഇടപെട്ടു തീരുമാനം പിന്‍വലിക്കണമെന്ന് ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ബി.അശോകും സെക്രട്ടറി എം.ജി.രാജമാണിക്യവും ചേര്‍ന്നു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

ശമ്പള പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ ചെയ്തതിനെക്കാള്‍ അധികമാണ് നിശ്ചയിച്ചിരിക്കുന്ന 81,800 എന്ന ശമ്പള സ്‌കെയില്‍. മാത്രമല്ല, കെഎഎസ് ഓഫിസര്‍മാര്‍ ഭാവിയില്‍ ജില്ലകളിലും സംസ്ഥാനതലത്തിലും നിയമിതരാകുമ്പോള്‍ മേലുദ്യോഗസ്ഥരായ ഐഎഎസുകാരെക്കാള്‍ ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്ന സ്ഥിതിയും വരും.

ഈ അപാകത അധികാരശ്രേണിയിലും റിപ്പോര്‍ട്ടിങ്ങിലും വൈഷമ്യം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ കെഎഎസുകാരുടെ ശമ്പളവും അഖിലേന്ത്യ സര്‍വീസ് ഉദ്യോഗസ്ഥരുടെ ശമ്പളവും തമ്മില്‍ താരതമ്യ പരിശോധനയ്ക്കു സര്‍ക്കാര്‍ തയാറാകണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ഐപിഎസ് ഉദ്യോഗസ്ഥരെക്കാള്‍ ഉയര്‍ന്ന ശമ്പളം കെഎഎസുകാര്‍ വാങ്ങുന്നത് ജില്ലാതല ഭരണക്രമത്തില്‍ വിഷമതകള്‍ സൃഷ്ടിക്കുമെന്നാണ് ഐപിഎസ് അസോസിയേഷന്‍ സെക്രട്ടറി ഹര്‍ഷിത അട്ടല്ലൂരി കത്തില്‍ ചൂണ്ടിക്കാട്ടിയത്. ഇതേ കാരണം തന്നെയാണ് ഐഎഫ്എസ് അസോസിയേഷന്‍ നല്‍കിയ കത്തിലുമുള്ളത്.

Top