ഐ.പി.എസുകാർക്കുള്ള ബീക്കൺ ലൈറ്റ് ഐ.എ.എസുകാർക്കും വേണമെന്ന് !

ടുത്ത ശത്രുക്കള്‍ ആണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഒരു കാര്യത്തില്‍ സാമ്യതയുണ്ട്. അത് വ്യക്തി എന്ന രൂപത്തിലുള്ള കാര്‍ക്കശ്യത്തിന്റെ കാര്യത്തിലാണ്. ഒരു തീരുമാനം എടുത്താല്‍ രണ്ടു പേരും എന്തൊക്കെ എതിര്‍പ്പുയര്‍ന്നാലും അത് നടപ്പാക്കിയിരിക്കും.

സ്വന്തം മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് പോലും ഇവര്‍ രണ്ടു പേരുടെയും നിലപാടുകളെ ചോദ്യം ചെയ്യാനുള്ള ധൈര്യം ഇല്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. മന്ത്രിസഭാ അംഗങ്ങള്‍ക്ക് പോലും ദഹിക്കാത്ത പല കാര്യങ്ങളും മോദിയും പിണറായിയും നടപ്പാക്കിച്ചിട്ടുണ്ട്. ഇതില്‍ മോദി താല്‍പ്പര്യം എടുത്ത് നടപ്പാക്കിയ ഒരു തീരുമാനമായിരുന്നു കാറുകളിലെ ബീക്കണ്‍ ലൈറ്റ് നീക്കം ചെയ്യുക എന്നത്.

സംസ്ഥാന-കേന്ദ്ര മന്ത്രിമാരില്‍ തുടങ്ങി സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരെ വരെ അമ്പരിപ്പിച്ച തീരുമാനമായിരുന്നു ഇത്. രാഷ്ട്രപതി, പ്രധാനമന്ത്രി സുപ്രീം കോടതി ജഡ്ജിമാര്‍ തുടങ്ങി സംസ്ഥാനത്തെ എല്ലാ വി.ഐ.പികള്‍ക്കും ഉദ്യോഗസ്ഥ പടക്കും ബാധകമായ ഈ തീരുമാനത്തിലുള്ള എതിര്‍പ്പുകള്‍ക്ക് മോദി ചെവി കൊടുത്തിരുന്നില്ല.

ഓരോ ഇന്ത്യക്കാരനും വി.ഐ.പിയാണെന്നും ബീക്കണ്‍ ലൈറ്റ് നിരോധനം പുതിയ ഇന്ത്യയുടെ തുടക്കമാണെന്നും മോദി ട്വീറ്റ് ചെയ്തിരുന്നു. പുതിയ ഇന്ത്യയെന്ന വികാരത്തിന് എതിരാണ് ബീക്കണ്‍ ലൈറ്റ് പോലുള്ള ബിംബങ്ങളെന്നായിരുന്നു മോദിയുടെ വാദം.

പരസ്യമായി എതിര്‍പ്പ് പറയാന്‍ പറ്റാത്ത വിഷയത്തില്‍ രഹസ്യമായ സമ്മര്‍ദ്ദം തീരുമാനത്തിനെതിരെ കേന്ദ്രത്തില്‍ ശക്തമായിരുന്നു. എന്നാല്‍, നടപ്പാക്കിയ നിയമം പുന:പരിശോധിക്കേണ്ട കാര്യമില്ലെന്ന നിലപാടില്‍ഉറച്ചു നില്‍ക്കുകയായിരുന്നു പ്രധാനമന്ത്രി.

എം.പിമാര്‍ക്കും ബീക്കണ്‍ ലൈറ്റ് വേണമെന്ന ആവശ്യം രാഷ്ട്രീയ കക്ഷിഭേദമന്യേ പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ട ഘട്ടത്തില്‍ തന്നെയാണ് മൊത്തത്തില്‍ നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രം ‘പണി’ കൊടുത്തിരുന്നത്.

സമൂഹത്തില്‍ ഒരു വില കിട്ടാന്‍ വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് നിര്‍ബന്ധമാണെന്ന അഭിപ്രായമായിരുന്നു മന്ത്രിമാര്‍ക്കിടയില്‍ പോലും ഉണ്ടായിരുന്നത്. നിരോധനം വന്നതോടെ ഏറെ വെട്ടിലായത് ഐ.എ.എസ് ഉദ്യോഗസ്ഥരാണ്. ഐ.പി.എസുകാരനായ എസ്.പിയും കമ്മീഷണറുമൊക്കെ ബീക്കണ്‍ ലൈറ്റിട്ട് വിലസുമ്പോള്‍ ഔദ്യോഗിക പതാകയില്‍ ഒതുങ്ങി പോയത് കളക്ടര്‍മാര്‍ അടക്കമുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരായിരുന്നു.

ഗതാഗത കുരുക്ക് ഉണ്ടാകുമ്പോഴും പെട്ടെന്ന് ലക്ഷ്യസ്ഥാനത്ത് എത്താനും, എല്ലാം ബീക്കണ്‍ ലൈറ്റ് ഇല്ലാത്തത് വലിയ തടസ്സമായി മാറുന്നുണ്ടെന്നാണ് ഐ.എ.എസുകാരിലെ വികാരം.

ഏതെങ്കിലും ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയാല്‍ പോലും ബീക്കണ്‍ ലൈറ്റിന്റെ അസാന്നിധ്യം വില കുറക്കുന്നുണ്ടെന്ന പരാതിയും ഐ.എ.എസുകാര്‍ക്കിടയിലുണ്ട്. ഇവിടെയും സ്റ്റാറാകുന്നത് ഐപിഎസുകാരാണ്.

ലോക്കല്‍ എസ്.ഐ മുതല്‍ ഡി.ജി.പി വരെയുള്ളവര്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുമ്പോള്‍ സബ് കളക്ടര്‍ മുതല്‍ ചീഫ് സെക്രട്ടറി വരെ ഉള്ളവര്‍ക്കു അത് നിഷേധിക്കപ്പെടുകയാണെന്നാണ് ഐ.എ.എസുകാരുടെ പരാതി. ക്രമസമാധാന ചുമതലയുടെ ആനുകൂല്യത്തിലാണ് പൊലീസിന് ബീക്കണ്‍ ലൈറ്റ് അനുവദിച്ചതെങ്കില്‍ ക്രമസമാധാന വിഷയങ്ങളില്‍ ഇടപെടുന്ന സബ് കളക്ടര്‍മാര്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും ഈ പരിഗണന നല്‍കാതിരുന്നതിലാണ് അവരുടെ
രോഷം.

ips-ias

ബീക്കണ്‍ ലൈറ്റിന്റെ ഒറ്റ പ്രശ്‌നത്തില്‍ ഐ.എ.എസ് കിട്ടിയിട്ടും അത് ഒഴിവാക്കി ഐ.പി.എസ് എടുത്തവര്‍ വരെ ഉണ്ടെന്നെതാണ് രസകരം.
സര്‍വ്വീസില്‍ കയറുന്ന ഐ.എ.എസുകാരനാണെങ്കിലും ഐ.പി.എസുകാരാണെങ്കിലും അവരില്‍ പലരും തങ്ങള്‍ക്ക് അനുവദിക്കുന്ന വാഹനങ്ങള്‍ പുത്തന്‍ അല്ലെങ്കില്‍ അതിനായി പോലും വാശി പിടിക്കുന്നവരാണ്.

മന്ത്രിമാര്‍ക്കും മറ്റ് വി.വി.ഐ പിമാര്‍ക്കും ബീക്കണ്‍ ലൈറ്റ് ഉള്ള പൊലീസ് എസ് കോട്ട് ഉള്ളതിനാല്‍ അവര്‍ക്ക് നിരോധനം പകിട്ട് ചെറുതായൊന്നു കുറച്ചതല്ലാതെ മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നും തല്‍ക്കാലം ഉണ്ടായിട്ടില്ല. എന്നാല്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് യാത്രകളിലും മറ്റും ഇപ്പോഴും തടസ്സങ്ങള്‍ നേരിടുന്നുണ്ട്.

കേന്ദ്രത്തില്‍ ഒരു ഭരണമാറ്റം ഉണ്ടായാല്‍ ബീക്കണ്‍ ലൈറ്റ് സംസ്‌കാരം തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം ഐ.എ.എസുകാര്‍. പ്രതിപക്ഷ പാര്‍ട്ടികളിലെ മിക്ക നേതാക്കളും ഭരണമാറ്റം ഉണ്ടായാല്‍ ഇക്കാര്യം ആലോചിക്കുമെന്ന അഭിപ്രായത്തിലുമാണ്.

കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത് രാഷ്ട്രീയക്കാരാണെങ്കിലും തീരുമാനം നടപ്പാക്കാന്‍ ചുമതലപ്പെട്ടവരാണ് ഐ.എ.എസ് , ഐ.പി.എസ് ഉള്‍പ്പെടെയുള്ള സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍. ‘ദൈവം പ്രസാദിച്ചാലും പൂജാരി പ്രസാദിച്ചില്ലെങ്കില്‍’ കാര്യങ്ങള്‍ നടക്കില്ലെന്ന് പറയുന്നത് പോലെയാണിത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും എല്ലാം എന്ത് തീരുമാനം എടുത്താലും അത് നടപ്പാക്കാന്‍ ഈ ഉദ്യോഗസ്ഥര്‍ തന്നെ വേണം.

Top