സിവിൽ സർവീസിലെ ‘ഹീറോകൾ’ ഐ.പി.എസുകാർ !

രാജ്യം ഭരിക്കുന്നത്… തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകള്‍ ആണെങ്കിലും തീരുമാനങ്ങള്‍ നടപ്പാക്കുന്നത്… ഉദ്യോഗസ്ഥ സംവിധാനമാണ്. ഈ സംവിധാനത്തിന് നേതൃത്വം കൊടുക്കുന്നവരാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍.ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസു മുതല്‍ ഐ.എ.എസും ഐ.പി.എസും ഉള്‍പ്പെടെ 24 സര്‍വ്വീസുകളില്‍ ഉള്‍പ്പെട്ടവരാണിവര്‍. ഇതില്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥര്‍ പ്രധാനമായും നയതന്ത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്.വിദേശ രാജ്യങ്ങളിലെ അംബാസിഡര്‍മാരില്‍ തുടങ്ങി വിദേശകാര്യ വകുപ്പ് സെക്രട്ടറിയില്‍ വരെ എത്തുന്ന പദവിയാണിത്. ഐ.എ.എസ് ഓഫീസര്‍മാര്‍ ജില്ലാ ഭരണത്തില്‍ തുടങ്ങി സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര കാബിനറ്റ് സെക്രട്ടറി വരെയാണ് ഉയര്‍ത്തപ്പെടുക. ഐ.പി.എസുകാര്‍ ജില്ലകളിലെ പൊലീസ് ഭരണത്തില്‍ നിന്നും, സംസ്ഥാന പൊലീസ് മേധാവി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി പദവിയിലും എത്തപ്പെടും, സിവില്‍ സര്‍വീസില്‍ ഏറ്റവും ‘പവറുള്ള’ പദവികളും ഇതു തന്നെയാണ്. സി.ബി.ഐ, റോ, ഐ.ബി തുടങ്ങിയ സുപ്രധാന വിഭാഗങ്ങളിലും, ബി.എസ്.എഫ് , സി.ആര്‍.പി.എഫ് തുടങ്ങിയ സേനാ വിഭാഗങ്ങളിലെ തലപ്പത്തും, ഐ.പി.എസുകാരാണ് ഉള്ളത്.

മേല്‍പ്പറഞ്ഞ സിവില്‍ സര്‍വ്വീസ് വിഭാഗത്തിലെ ഏത് ഉദ്യോഗസ്ഥന്‍ അഴിമതി നടത്തിയാലും അതു കണ്ടെത്തി നടപടി എടുക്കേണ്ട സി.ബി.ഐയെ നയിക്കുന്നതും ഐ.പി.എസുകാരാണ്. ഈ അധികാര ‘പവര്‍’ തന്നെയാണ്, സിവില്‍ സര്‍വ്വീസ് പട്ടികയിലെ മൂന്നാം സ്ഥാനത്തുള്ള ഐ.പി.എസിനെ സൂപ്പര്‍ പവറാക്കുന്നത്. ജില്ലാ കളക്ടര്‍ മുതലുളള ഐ.എ.എസുകാരുടെ വാഹനങ്ങള്‍ക്ക് ബീക്കണ്‍ ലൈറ്റുകള്‍ പോലും നിഷേധിക്കപ്പെടുമ്പോള്‍, ഐ.പി.എസുകാര്‍ വാഹനത്തില്‍ പറക്കുന്നതും, ബീക്കണ്‍ ലൈറ്റുകള്‍ മിന്നിച്ചു കൊണ്ടാണ്. ഇതൊക്കെയാണ് സിവില്‍ സര്‍വ്വീസിലെ അവസ്ഥ. ഏതൊരാളും സ്വപ്നം കാണുന്ന പദവികളാണിത്. മുന്‍ കാലങ്ങളില്‍ ഉത്തരേന്ത്യക്കാരാണ് സിവില്‍ സര്‍വ്വീസ് പരീക്ഷകളില്‍ മേധാവിത്വം പുലര്‍ത്താറുള്ളതെങ്കിലും, ഇപ്പോള്‍ അതിനും, പതുക്കെ മാറ്റങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍, ഒന്നാം റാങ്കുള്‍പ്പെടെ കരസ്ഥമാക്കി ‘വെന്നിക്കൊടി’ പാറിച്ചവരില്‍ നിരവധി മലയാളികളുമുണ്ട്.

മെയ് 31ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച സിവില്‍ സര്‍വീസ് മെയ്ന്‍ പരീക്ഷയില്‍, ആദ്യ നാലു റാങ്കുകളും പെണ്‍കുട്ടികളാണ് കരസ്ഥമാക്കിയിരിക്കുന്നത്. ശ്രുതി ശര്‍മയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗര്‍വാള്‍ രണ്ടാം റാങ്ക് നേടിയപ്പോള്‍, ഗാമിനി സിംഗ്ലയാണ് മൂന്നാമത് എത്തിയിരിക്കുന്നത്. ഐശ്വര്യ വര്‍മ്മയാണ് നാലാം റാങ്ക് നേടിയിരിക്കുന്നത്.ഇരുപത്തിയൊന്നാം റാങ്ക് മലയാളി ദിലീപ് കെ കൈനിക്കരയ്ക്കാണ്.ശ്രുതി രാജലക്ഷ്മി, ജാസ്മിന്‍, സ്വാതി, രമ്യ സിഎസ്, അക്ഷയ് പിള്ള, അഖില്‍ വി മേനോന്‍, എന്നിവര്‍ ഉള്‍പ്പെടെ, ആദ്യ നൂറ് റാങ്കില്‍ ഒമ്പത് മലയാളികളുണ്ട്.എല്ലാവര്‍ഷവും യുപിഎസ്സി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷ, മൂന്ന് ഘട്ടങ്ങളായാണ് നടക്കുന്നത്. പ്രിലിമിനറി, എഴുത്തുപരീക്ഷ, അഭിമുഖ പരീക്ഷ എന്നിവയാണ് ഈ ഘട്ടങ്ങള്‍. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്, ഇന്ത്യന്‍ പൊലീസ് സര്‍വീസ് അടക്കമുള്ളവയിലേക്ക് ഈ പരീക്ഷയില്‍ യോഗ്യത നേടിയവരെയാണ് തിരഞ്ഞെടുക്കുക. ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍, ഏത് ബിരുദധാരിക്കും കടക്കാവുന്ന കടമ്പയാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ.

പ്രിലിമിനറിയിലെ മികവു നോക്കിയ ശേഷം, ഒഴിവുള്ളതിന്റെ 12 – 13 മടങ്ങോളം പേരെയാണ് മെയിനിനു ക്ഷണിക്കാറുള്ളത്. ഇതില്‍, നല്ല പ്രകടനം കാഴ്ച വയ്ക്കുന്നവരെയാണ് ഇന്റര്‍വ്യൂവിനും ക്ഷണിക്കുക. ഒഴിവുകളുടെ ഇരട്ടിയോളം പേര്‍ക്കാണ് ക്ഷണം കിട്ടുക. പൊതുവിജ്ഞാനം, ഭാഷാശേഷി, അപഗ്രഥനശേഷി എന്നിവയുടെ പശ്ചാത്തലത്തോടെ, ഒരു വര്‍ഷമെങ്കിലും ഏകാഗ്രതയോടെ തയാറെടുപ്പുണ്ടെങ്കിലേ, സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കാനാകൂ. ഈ പരീക്ഷയില്‍ വിജയിച്ചില്ലെങ്കിലും, ചിട്ടയോടെയുള്ള തയാറെടുപ്പ് , മറ്റ് ഏതു പരീക്ഷയിലും വിജയിക്കാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നതാണ്. അതായത് . . . സിവില്‍ സര്‍വീസ് തയാറെടുപ്പ്, ഒരിക്കലും വ്യര്‍ഥമാവില്ലന്നതും, വ്യക്തം . . .

 

Top