കരിപ്പൂരില്‍ കൂടുതല്‍ സ്ഥലം അനുവദിച്ചില്ലെങ്കില്‍ റണ്‍വേയുടെ നീളം കുറയ്ക്കുമെന്ന് വ്യോമയാന മന്ത്രി

ന്യൂഡൽഹി : കരിപ്പൂരില്‍ കൂടുതല്‍ സ്ഥലം അനുവദിക്കണം, ഇല്ലെങ്കില്‍ റണ്‍വേയുടെ നീളം കുറയ്ക്കുമെന്ന മുന്നറിയിപ്പുമായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഭൂമി ഏറ്റെടുത്തു നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച അദ്ദേഹം ഉടന്‍ ഭൂമി കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയയ്ക്കുകയും ചെയ്തു.

കേന്ദ്ര സർക്കാർ നിരന്തരം ആവശ്യപ്പെട്ടിട്ടും റൺവേയുടെ ഇരുവശങ്ങളിലുമുള്ള സുരക്ഷാ മേഖലയ്ക്കു വേണ്ടിയുള്ള ഭൂമി ഇതുവരെ സർക്കാർ ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റിക്ക് നൽകിയിട്ടില്ലെന്നാണു വ്യോമയാന മന്ത്രി കത്തിൽ വ്യക്തമാക്കിയത്. എയർപോർട്ട് അതോറിറ്റിക്കു വേണ്ടി ഇരുവശങ്ങളിലുമുള്ള ഭൂമി സൗജന്യമായി ഏറ്റെടുത്ത് നിരപ്പാക്കി നൽകാമെന്നാണു നേരത്തെ സംസ്ഥാന സർക്കാർ അറിയിച്ചത്.

2020 ഓഗസ്റ്റ് ഏഴിന് കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ അപകടത്തിനു പിന്നാലെ ഒരു വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. ആ സമിതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു വിമാനങ്ങൾ സുരക്ഷിതമായി ഇറങ്ങണമെങ്കിൽ വിമാനത്താവളത്തിന്റെ ഇരുവശങ്ങളിലും ഭൂമി ഏറ്റെടുത്തു നൽകണമെന്ന നിർദേശം മുന്നോട്ടു വയ്ക്കുന്നത്. ഇതേ തുടർന്ന് 2022 മാർച്ച് മുതൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാർ നിരന്തരം സംസ്ഥാന സർക്കാരിനു കത്തു നൽകിയിരുന്നെന്നാണ് വ്യോമയാന മന്ത്രി വ്യക്തമാക്കുന്നത്.

Top