കുറ്റം നിഷേധിച്ച് സിവിക് ചന്ദ്രന്‍; അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: ലൈംഗികാതിക്രമ കേസില്‍ കീഴങ്ങിയ സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിനിടെ കുറ്റം നിഷേധിച്ച സിവിക് ചന്ദ്രന്‍ പരാതിക്കാരിയുടെ ജാതി അറിയില്ലെന്നും പറഞ്ഞു. ജാതി നോക്കി പ്രവര്‍ത്തിക്കുന്ന ആളല്ല താനെന്നും അന്വേഷണ സംഘത്തോട് പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു വടകര ഡിവൈഎസ്പി ആര്‍ ഹരിപ്രസാദിന് മുമ്പില്‍ സിവിക് ചന്ദ്രന്‍ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു കീഴടങ്ങല്‍. രാവിലെ ഒമ്പത് മണിയോടെ അന്വേഷണ സംഘത്തിന് മുന്നിലെത്തുകയായിരുന്നു.

മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ ഏഴ് ദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സിവിക് ചന്ദ്രനെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. ഈ വര്‍ഷം ഏപ്രിലില്‍ പുസ്തക പ്രകാശന ചടങ്ങിന് എത്തിയ പ്രതി പരാതിക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്. പട്ടിക ജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയാന്‍ വേണ്ടിയുള്ള വകുപ്പുകള്‍ ചേര്‍ത്തതിനാല്‍ കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വടകര ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു. സിവിക് ചന്ദ്രനെതിരെയുള്ള മറ്റൊരു കേസില്‍ പ്രായം പരിഗണിച്ച് മുന്‍കൂര്‍ ജാമ്യത്തില്‍ തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Top