പൗരത്വ ഭേദഗതിയെ വീണ്ടും അനുകൂലിച്ച് ആരിഫ് മുഹമ്മദ് ഖാന്‍; കണ്ണുരില്‍ വന്‍ പ്രതിഷേധം

കണ്ണൂര്‍: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂരില്‍ വന്‍ പ്രതിഷേധവുമായി യൂത്ത്കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും രംഗത്ത്. ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയതായിരുന്നു ഗവര്‍ണര്‍.

പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചെങ്കിലും സിപിഎം നേതാക്കള്‍ ഉള്‍പ്പടെയുള്ളരും സംഘാടകരും ഇടപെട്ട് ഇത് തടയുകയായിരുന്നു. വിഖ്യാത ചരിത്രകാരന്‍മാരായ ഇര്‍ഫാന്‍ ഹബീബ്, എംജിഎസ് നാരായണന്‍ ഉള്‍പ്പടെയുള്ളവര്‍ സദസ്സിലിരിക്കവെയായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

ചടങ്ങില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ പരാമര്‍ശം നടത്തിയിരുന്നു. പ്രതിഷേധം സമാധാനപരമാകണമെന്നും, ഇതില്‍ എപ്പോള്‍ വേണമെങ്കിലും സംവാദം നടത്താന്‍ തയ്യാറാണെന്നും ഗവര്‍ണര്‍ പറഞ്ഞു. എങ്കില്‍ സംവാദം ഇപ്പോള്‍ത്തന്നെ നടത്താമെന്ന് ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുത്ത ചരിത്രകാരന്‍മാരും വിദ്യാര്‍ത്ഥികളും എഴുന്നേറ്റ് നിന്ന് പറയുകയായിരുന്നു.തുടര്‍ന്ന് കയ്യിലുള്ള കടലാസുകളില്‍ ‘പൗരത്വ നിയമഭേദഗതിയും എന്‍ആര്‍സിയും ഉപേക്ഷിക്കുക’ എന്നെഴുതിയ പ്ലക്കാര്‍ഡുകളായി എഴുതി അവര്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു.

എന്നാല്‍ തന്നെ പ്രതിഷേധിച്ച് നിശ്ശബ്ദനാക്കാനാകില്ലെന്ന് ഗവര്‍ണര്‍ തിരിച്ചടിച്ചു. ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു തരത്തിലുള്ള നിയമത്തെയും താന്‍ അനുകൂലിക്കില്ല. കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതും, പൗരത്വ നിയമഭേദഗതിയും ഭരണഘടനയ്ക്ക് എതിരല്ല എന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ പ്രസംഗം പൂര്‍ത്തിയാക്കി മടങ്ങിയ ശേഷം പ്രതിഷേധം തുടര്‍ന്ന നാല് പ്രതിനിധികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Top