മെസി സ്വന്തമാക്കാന്‍ സിറ്റി; പിടി വിടാതെ പിഎസ്‌ജി

പാരീസ്: ലിയോണൽ മെസിയെ ടീമിലെത്തിക്കാൻ ശ്രമം തുടങ്ങി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി. പിഎസ്‌ജിയുമായുള്ള മെസിയുടെ കരാര്‍ ഈ സീസണിനൊടുവിൽ അവസാനിക്കാനിരിക്കെയാണ് സിറ്റിയുടെ നീക്കം. മെസിയെ ക്യാംപ്‌നൗവിൽ തിരിച്ചെത്തിക്കാൻ ബാഴ്സിലോണയും കടുത്ത പരിശ്രമത്തിലാണ്. പ്രായം മുപ്പത്തിയഞ്ചിലെത്തിയെങ്കിലും, ചോരത്തിളപ്പിൽ പറപറക്കുന്ന കിലിയൻ എംബപ്പെയെ പോലും അമ്പരപ്പിച്ചാണ് ലിയോണൽ മെസിയുടെ പിഎസ്ജിയിലെ പ്രകടനം. ഫ്രഞ്ച് ക്ലബിനായി സീസണിൽ ഇതുവരെ നേടിയത് 11 ഗോളും 12 അസിസ്റ്റുകളും.

കഴിഞ്ഞ സീസണിലെ മോശം പ്രകടനം കണ്ട് തന്‍റെ കാലം കഴിഞ്ഞെന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് മെസിയുടെ ഈ മിന്നും പ്രകടനം. അര്‍ജന്‍റീനക്കായും അപാരഫോമിലാണ് മെസി. പത്ത് ഗോളാണ് ഇതുവരെ അടിച്ചത്. ഈ സീസണിനൊടുവിൽ പിഎസ്‌ജിയുമായുള്ള താരത്തിന്‍റെ കരാര്‍ അവസാനിക്കും.കരാര്‍ എങ്ങനെയും പുതുക്കാനുള്ള ശ്രമത്തിലാണ് പിഎസ്‌ജി.

എന്നാൽ പിഎസ്‌ജിയില്‍ തുടരുമോ എന്ന കാര്യത്തില്‍ മെസി ഇതുവരെ മനസുതുറന്നിട്ടില്ല. ലോകകപ്പ് കഴിഞ്ഞ ശേഷമേ ഭാവിയെ കുറിച്ച് തീരുമാനെടുക്കൂവെന്നാണ് മെസി പറയുന്നത്. ഇതിനിടയിലാണ് മെസിക്കായി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി രംഗത്തെത്തിയിരിക്കുന്നത്. മെസിയുമായി അടുത്ത ബന്ധമുള്ള സിറ്റി കോച്ച് പെപ് ഗാര്‍ഡിയോളയാണ് നീക്കങ്ങൾക്ക് പിന്നിൽ.

ഒന്നോ രണ്ടോ സീസണിലേക്ക് മെസിയെ എത്തിഹാദിലെത്തിക്കാനാണ് ശ്രമം. എന്നാൽ നഷ്ടപ്പെട്ട മാണിക്യം വീണ്ടെടുക്കാനാണ് ബാഴ്സിലോണയുടെ കാത്തിരിപ്പ്. മെസി പോയതിനിൽ പിന്നെ തുടര്‍ച്ചയായി യൂറോപ ലീഗിലേക്ക് പോലും തള്ളിയിടപ്പെട്ടു ബാഴ്സ. മെസിയെ തിരികെ കൊണ്ടുവരണമെന്ന മുറവിളിയാണ് ബാഴ്സയിലെങ്ങും. അതിനായി പരിശ്രമിക്കുമെന്ന് പ്രസിഡന്‍റ് ജോണ്‍ ലപ്പോര്‍ട്ടയും കോച്ച് സാവിയും മനസ് തുറന്ന് കഴിഞ്ഞു.

എല്ലാം ഇനി മെസിയുടെ കാലുകളിൽ. മെസിയുടെ മനസ് മുഴുവൻ ലോകകപ്പാണ്. അത് നേടിയാൽ ശാന്തമായി മെസി ഒരു തീരുമാനത്തിലെത്തിക്കും. ആരാധകരും വമ്പൻ ക്ലബുകളും പ്രതീക്ഷയോടെ കാത്തിരിപ്പിലാണ് ആ തീരുമാനത്തിനായി.

Top