യൂബര്‍ ഡ്രൈവര്‍ക്കെതിരായ കേസ് റദ്ദാക്കുന്ന കാര്യം പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍

കൊച്ചി: യൂബര്‍ ഡ്രൈവര്‍ക്കെതിരായ കേസ് റദ്ദാക്കുന്ന കാര്യം പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി ദിനേശ്.

കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാല്‍ കേസ് ഒഴിവാക്കും. സ്ത്രീകളുടെ മൊഴിപ്രകാരമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. വസ്തുതകള്‍ ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

യുവതികള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പ് ചുമത്തിയത് അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംഭവം അന്വേഷിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായും കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ബെഹ്‌റ പറഞ്ഞു.

ഐജിക്ക് ലഭിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും യൂബര്‍ ഡ്രൈവര്‍ക്ക് അനുകൂലമാണെന്നാണ് സൂചന.

മര്‍ദനമേറ്റ യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ കേസെടുത്തതിന് മരട് പൊലീസിനെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് യുവതിയുടെ പരാതി കിട്ടിയാല്‍ ഉടനെ അയാള്‍ക്കെതിരെ കേസെടുക്കുകയാണോ വേണ്ടതെന്നാണ് ഹൈക്കോടതി ചോദിച്ചത്.

മര്‍ദ്ദനമേറ്റ സംഭവത്തില്‍ വസ്തുതകള്‍ പരിശോധിച്ചോ എന്നും കോടതി ആരാഞ്ഞു. മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് ഷെഫീഖ് നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോളാണ് കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടിരുന്നത്.

ഏത് സാഹചര്യത്തിലാണ് കേസെടുത്തതെന്ന കാരണം വിശദമാക്കി റിപ്പോര്‍ട്ട് നലകാന്‍ മരട് സബ് ഇന്‍സ്‌പെക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Top