സിറ്റിക്ക് സമനില കുരുക്കിട്ട് ലിവര്‍പൂള്‍; ആഴ്‌സണല്‍ ഒന്നാമത് തന്നെ തുടരും

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള ക്ലാസിക് പോരാട്ടം സമനിലയില്‍. ആന്‍ഫീല്‍ഡില്‍ നടന്ന ത്രില്ലര്‍ പോരാട്ടത്തില്‍ ഇരുടീമും ഓരോ ഗോളടിച്ച് പിരിഞ്ഞു. ഇരുവരും ഓരോ പോയിന്റ് വീതം പങ്കിട്ടതോടെ ലീഗില്‍ ആഴ്‌സണല്‍ ഒന്നാമത് തന്നെ തുടരും.

മത്സരത്തിന്റെ 23-ാം മിനിറ്റില്‍ ജോണ്‍ സ്‌റ്റോണ്‍സിലൂടെയാണ് സിറ്റി മുന്നിലെത്തിയത്. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലിവര്‍പൂളിന്റെ സമനില ഗോളെത്തി. ഡാര്‍വിന്‍ നൂനസിനെ വീഴ്ത്തിയതിന് സിറ്റിക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്കെടുക്കാനെത്തിയ അലക്‌സിസ് മാക് അലിസ്റ്റര്‍ കൃത്യമായി ലക്ഷ്യം കണ്ടതോടെ ലിവര്‍പൂള്‍ ഒപ്പമെത്തി.

സമനില ഗോളിന് ശേഷവും ഇരുഭാഗത്തുനിന്നും നിരവധി മുന്നേറ്റങ്ങളും ഗോളവസരങ്ങളും പിറന്നു. സിറ്റിയുടെ ഫില്‍ ഫോഡന്റെയും ജെറെമി ഡോകുവിന്റെയും ഷോട്ടുകള്‍ അവിശ്വസനീയമാം വിധം പോസ്റ്റില്‍ തട്ടിമടങ്ങി. വിജയഗോള്‍ പിറന്നില്ലെങ്കിലും ആന്‍ഫീല്‍ഡില്‍ ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല.

ഇരുടീമുകളും സമനില പാലിച്ചതോടെ ആഴ്‌സണലിന്റെ ഒന്നാം സ്ഥാനത്തിന് ഒരു മാറ്റവും സംഭവിച്ചില്ല. 64 പോയിന്റുള്ള ഗണ്ണേഴ്‌സ് ഒന്നാമത് തന്നെ തുടരുകയാണ്. ഇതേ പോയിന്റുണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ രണ്ടാമതാണ് ലിവര്‍പൂള്‍. 63 പോയിന്റുമായി സിറ്റിയാണ് മൂന്നാമത്.

Top