പ്രീമിയര്‍ ലീഗില്‍ സിറ്റി ആഴ്സണലിനെ വീഴ്ത്തി; ചാമ്പ്യന്‍സ് ലീഗില്‍ തോല്‍വി നേരിട്ട് ചെല്‍സി

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പൻ പോരിൽ ആഴ്സണലിനെ തോൽപ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് സിറ്റിയുടെ ജയം. നിലവിലെ ചാംപ്യന്മാര്‍ക്കായി കെവിൻ ഡി ബ്രുയാൻ, ജാക്ക് ഗ്രീലിഷ് , ഏര്‍ലിംഗ് ഹാലണ്ട് എന്നിവരുടെ വകയായിരുന്നു ഗോളുകൾ. ആഴ്സണലിന്റെ ആശ്വാസ ഗോൾ ബുക്കായോ സാക്ക നേടി.

24-ാം മിനിറ്റില്‍ കെവിന്‍ ഡിബ്രൂയിനെ ആണ് സിറ്റിയുടെ ഗോള്‍വേട്ട തുടങ്ങിയത്. ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് 42-ാം മിനിറ്റില്‍ ബുക്കായോ സാക്ക പെനല്‍റ്റിയിലൂടെ ആഴ്സണലിനെ ഒപ്പമെത്തിച്ചു. 72-ാം മിനിറ്റില്‍ ജാക് ഗ്രീലിഷ് വീണ്ടും സിറ്റിയെ മുന്നിലെത്തിച്ചു. 82-ാം മിനിറ്റില്‍ ഏര്‍ലിംഗ് ഹാലണ്ട് സിറ്റിയുടെ ഗോള്‍പട്ടിക തികച്ചു.

ജയത്തോടെ ആഴ്സണലിനെ മറികടന്ന് സിറ്റി പോയന്റ് പട്ടികയിൽ ഒന്നാമതെത്തി. ഇരുടീമുകൾക്കും 51 പോയന്റ് വീതമാണുള്ളത്. ഗോൾ ശരാശരിയുടെ ബലത്തിലാണ് സിറ്റിയുടെ ഒന്നാം സ്ഥാനം. എന്നാൽ ഒരു മത്സരം കുറവ് കളിച്ച ആഴ്സണലിന് അടുത്ത കളയിൽ ജയിച്ചാൽ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താം.

പ്രീമിയര്‍ ലീഗിന് പിന്നാലെ ചാംപ്യൻസ് ലീഗ് ഫുട്ബോളിലും ചെൽസിക്ക് തിരിച്ചടി. പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദത്തിൽ ബൊറൂസിയ ഡോര്‍ട്മുണ്ടിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് ചെൽസി തോറ്റത്. അറുപത്തി മൂന്നാം മിനിറ്റിൽ കരീം അദേയേമിയാണ് വിജയ ഗോൾ നേടിയത്.

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലെ മറ്റൊരു മത്സരത്തിൽ ബെൻഫിക്ക ഏകപക്ഷീയമായ രണ്ട് ഗോളിന് ക്ലബ് ബ്രൂഗയെ തോൽപിച്ചു. രണ്ടാം പകുതിയിൽ യാവോ മാരിയോ, ഡേവിഡ് നെരെസ് എന്നിവരാണ് ബെൻഫിക്കയുടെ ഗോളുകൾ നേടിയത്. 51, 88 മിനിറ്റുകളിലായിരുന്നു ഗോളുകൾ.

Top