സിറ്റിക്കും ആഴ്സണലിനും ജയം; ഫുൾഹാമിന് മുന്നിൽ യുണൈറ്റഡ് വീണു

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ വീണ്ടും തകർപ്പൻ വിജയവുമായി ആഴ്സണൽ. ന്യൂകാസിൽ യുണൈറ്റഡിനെ ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് ​ഗണ്ണേഴ്സ് തകർത്തെറിഞ്ഞു. ന്യൂകാസിൽ താരം വെന്‍ ബോട്‌മാന്റെ സെൽഫ് ​ഗോളാണ് ആഴ്സണലിന് ലീഡ് നൽകിയത്. കെയ് ഹാവെര്‍ട്‌സ്, ബുക്കായോ സാക്ക, ജാക്കൂബ് കിവിയോർ എന്നിവരുടെ ​ഗോളുകൾ ​ഗണ്ണേഴ്സ് സംഘത്തിന്റെ ലീഡ് ഉയർത്തി. 84-ാം മിനിറ്റിൽ ജോ വില്ലോക്ക് ന്യൂകാസിലിനായി ആശ്വാസ ​ഗോൾ നേടി.

മറ്റൊരു മത്സരത്തിൽ ബേൺമൗത്തിനെ എതിരില്ലാത്ത ഒരു ​ഗോളിന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി വിജയം ആഘോഷിച്ചു. 24-ാം മിനിറ്റിലെ ഫിൽ ഫോഡന്റെ ​ഗോളാണ് സിറ്റിക്ക് വിജയം നേടി നൽകിയത്. തുടർവിജയങ്ങളുടെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയേറ്റു. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് ഫുൾഹാം റെഡ് ഡെവിൾസിനെ പരാജയപ്പെടുത്തി.

നോട്ടിങ്ഹാം ഫോറസ്റ്റിനെ രണ്ടിനെതിരെ നാല് ​ഗോളുകൾക്ക് തോൽപ്പിച്ച് ആസ്റ്റൺ വില്ലയും വിജയം സ്വന്തമാക്കി. മറ്റൊരു മത്സരത്തിൽ ബേൺലിയെ ക്രിസ്റ്റൽ പാലസ് എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക് തോൽപ്പിച്ചു. പ്രീമിയർ ലീ​ഗ് പോയിന്റ് ടേബിളിൽ 26 മത്സരങ്ങളിൽ നിന്ന് 60 പോയിന്റുമായി ലിവർപൂളാണ് മുന്നിൽ. അത്ര തന്നെ മത്സരങ്ങളിൽ നിന്ന് 59 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാമതും 58 പോയിന്റുമായി ആഴ്സണൽ മൂന്നാമതുമുണ്ട്.

Top