സിട്രോണ്‍ എസ്‌യുവി ഉടന്‍ വിപണിയിലേക്ക്, പ്രത്യേകതകള്‍ അറിയാം

സിട്രോണിന്റെ ചെറു എസ്‌യുവി സി3 ഉടന്‍ വിപണിയില്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അവതരിപ്പിച്ച എസ്‌യുവി അടുത്തമാസം തന്നെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. 4 മീറ്ററില്‍ താഴെ നീളവും എസ്യുവി സ്‌റ്റൈലുമുള്ള ഹാച്ച്ബാക് സി 3, ഇന്ത്യയേയും തെക്കേ അമേരിക്കന്‍ രാജ്യങ്ങളേയും ലക്ഷ്യമിട്ട് നിര്‍മിക്കുന്ന 3 മോഡലുകളില്‍ ആദ്യത്തേതാണ്.

കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രധാനമായി ഇഗ്നിസ്, പഞ്ച് എന്നീ വാഹനങ്ങളുമായിട്ടാകും സി 3 മത്സരിക്കുക. മത്സരക്ഷമതയുള്ള വിലയുമായായിരിക്കും വാഹനം ഇന്ത്യയിലെത്തുക എന്നാണ് സി 3 അവതരിപ്പിച്ചുകൊണ്ട് സിട്രോന്‍ അറിയിച്ചത്. അഞ്ചു ലക്ഷം രൂപ മുതലായിരിക്കും വാഹനത്തിന്റെ ഇന്ത്യന്‍ വില ആരംഭിക്കുന്നത്.

രാജ്യാന്തര വിപണിയിലെ സി 3യുടെ പകരക്കാരനല്ല ഈ വാഹനമെന്നും ഇന്ത്യയും തെക്കേ അമേരിക്കന്‍ രാജ്യങ്ങളും ലക്ഷ്യമിട്ട് നിര്‍മിക്കുന്ന 3 മോഡലുകളില്‍ ആദ്യത്തേതാണിതെന്നുമാണ് സിട്രോന്‍ അറിയിച്ചത്. 3.98 മീറ്റര്‍ നീളം, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, ഉയര്‍ന്ന ബോണറ്റ്, ഉയര്‍ന്ന ഡ്രൈവിങ് സീറ്റ് എന്നിങ്ങനെയുള്ള എസ്യുവി സവിശേഷതകളും മനോഹരമായ ഡാഷ്‌ബോര്‍ഡ്, ഫ്ക്‌സഡ് മൊബൈല്‍ ഹോള്‍ഡര്‍, 10 ഇഞ്ച് ടച്‌സ്‌ക്രീന്‍ അടക്കമുള്ള ആധുനിക ഇന്‍ഫൊടെയ്ന്‍മെന്റ് കണക്ടിവിറ്റി സൗകര്യങ്ങളും ഉള്‍പ്പെടുത്തിയാണ് സി3 എത്തുന്നതെന്ന് സിട്രോന്‍ സിഇഒ വിന്‍സന്റ് കോബീ പറഞ്ഞു.

ജീപ്പിന്റെ നാലു മീറ്ററില്‍ താഴെ നീളമുള്ള എസ്‌യുവി നിര്‍മിച്ച സിഎംഎ മോഡുലാര്‍ പ്ലാറ്റ്ഫോമിലാണ് വാഹനം നിര്‍മിക്കുന്നത്. 90 ശതമാനവും തദ്ദേശീയ ഘടകങ്ങള്‍ ഉപയോഗിച്ചാണ് പ്ലാറ്റ്‌ഫോം നിര്‍മിക്കുക. എന്‍ജിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും മാനുവല്‍ ഗിയര്‍ബോക്‌സും 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സും വാഹനത്തിന് ലഭിച്ചേക്കും. റൈറ്റ് ഹാന്‍ഡ് ഡ്രൈവുള്ള രാജ്യാന്തര വിപണിക്ക് വേണ്ടിയും ചെന്നൈയിലെ പ്ലാന്റില്‍ നിന്നായിരിക്കും വാഹനം നിര്‍മിക്കുക.

Top