ഇന്ത്യയ്ക്ക് പുതിയ എസ്‌യുവി, എം‌പി‌വി, ഇവി പദ്ധതികളുമായി ഈ യൂറോപ്യന്‍ വണ്ടിക്കമ്പനി

യൂറോപ്യൻ വാഹന നിർമ്മാതാക്കളായ സിട്രോൺ, പുതിയ C3 സബ്‌കോംപാക്ട് ഹാച്ച്ബാക്കുമായി ഇന്ത്യയുടെ മാസ് മാർക്കറ്റ് സെഗ്‌മെന്റിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് എന്ന് റിപ്പോർട്ട്. ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ആസിയാൻ വിപണികളിലേക്ക് കാറുകൾ കയറ്റുമതി ചെയ്യുന്നതിനുള്ള അടിസ്ഥാനമായി ഇന്ത്യയെ മാറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നത് എന്നും 2023-ൽ കമ്പനി ഇന്ത്യൻ വിപണിയിൽ ഒരു പുതിയ ഇലക്ട്രിക് കാർ അവതരിപ്പിക്കും എന്നും ഇക്കണോമിക്ക് ടൈംസ് ഓട്ടോയെ ഉദ്ദരിച്ച് ഇന്ത്യാ കാർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയിലെ മൊത്തം ഉൽപാദനത്തിൻറെ നാലിലൊന്ന് മുതൽ മൂന്നിലൊന്ന് വരെ അന്താരാഷ്ട്ര വിപണികളിലേക്ക് പോകുമെന്ന് സിട്രോണിൻറെ ഉടമസ്ഥരായ സ്റ്റെല്ലാൻറിസ് പ്രതീക്ഷിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. ഇത് ഉൽപ്പാദന സൗകര്യങ്ങളുടെ ഉയർന്ന ഉപയോഗം ഉറപ്പാക്കും.

അതേസമയം 2022 ജൂലൈയോടെ രാജ്യത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന C3 ഹാച്ച്ബാക്ക് സിട്രോൺ അവതരിപ്പിക്കും. ഉയർത്തിയ ബോണറ്റ്, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, എലവേറ്റഡ് സീറ്റിംഗ് പൊസിഷൻ എന്നിവ ഉൾക്കൊള്ളുന്ന ക്രോസ്ഓവർ പോലുള്ള സ്റ്റൈലിംഗുമായാണ് പുതിയ മോഡൽ വരുന്നത്. സിട്രോൺ ഡീലർമാർ അനൗദ്യോഗികമായി ചെറിയ കാറിനുള്ള മുൻകൂർ ഓർഡറുകൾ സ്വീകരിച്ചു തുടങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ട്.

Top