‘സിട്രോൺ eC3’; ഇന്ത്യയ്ക്കായി ഇലക്ട്രിക്ക് കാറുമായി ഫ്രഞ്ച് വാഹന നിർമാതാക്കൾ

ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോൺ ഇന്ത്യയ്ക്കായി ആദ്യ ഇലക്ട്രിക്ക് കാർ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. സിട്രോണ്‍ C3യെ അടിസ്ഥാനമാക്കി എത്തുന്ന ഇലക്ട്രിക് കാർ eC3 എന്ന് വിളിക്കപ്പെടും. അടുത്ത വർഷം ആദ്യത്തോടെ വാഹനത്തിന്റെ അരങ്ങേറ്റം നടക്കും. കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാർ 2023-ൽ പുറത്തിറക്കുമെന്ന് ഫ്രഞ്ച് കാർ നിർമ്മാതാക്കള്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ഇസി3 പുറത്തിറക്കുമെന്ന് സിട്രോൺ ബ്രാൻഡിന്റെ മാതൃകമ്പനിയായ സ്റ്റെല്ലാന്റിസിന്റെ സിഇഒ കാർലോസ് ടവേറസ് നേരത്തെ പറഞ്ഞിരുന്നു. അടുത്ത വർഷം ജനുവരി ആദ്യം, ഡൽഹിയിൽ നടക്കുന്ന ഇന്ത്യൻ ഓട്ടോ എക്‌സ്‌പോയിൽ ഇത് പ്രദർശിപ്പിച്ചേക്കുമെന്ന് സൂചന നൽകി. വരാനിരിക്കുന്ന ഇലക്ട്രിക് കാറിന്റെ ടീസറും സിട്രോൺ അടുത്തിടെ പുറത്തിറക്കി. കൂടുതൽ വിശദാംശങ്ങൾ ഉടൻ പങ്കിടുമെന്ന് കമ്പനി പറയുന്നു. ഇത് ഔദ്യോഗിക അരങ്ങേറ്റത്തിന് അടുത്ത ഏതാനും ആഴ്‍ചകൾക്കുള്ളിൽ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. eC3 ഇലക്ട്രിക് വാഹനം ഇന്ത്യയിൽ പ്രാദേശികമായി നിർമ്മിക്കുമെന്ന് സിട്രോൺ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇത് മോഡലിന് മത്സരാധിഷ്‍ഠിതമായ വിലനിർണ്ണയിക്കാൻ കമ്പനിയെ സഹായിക്കും.

10 ലക്ഷത്തിൽ താഴെയുള്ള ഇലക്‌ട്രിക് കാറുകൾ അപൂർവമാണ് ഇന്ത്യൻ വാഹന വിപണിയില്‍. അതുകൊണ്ടു തന്നെ ഇലക്ട്രിക്ക് കാറുകളുടെ വാങ്ങലുകളെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഇവികളുടെ വില. ഇടത്തരക്കാർക്ക് താങ്ങാനാവുന്ന ഇലക്ട്രിക് വാഹനങ്ങൾ എങ്ങനെ നിർമ്മിക്കാം എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി എന്നും പ്രവേശനക്ഷമതയ്ക്ക് മാത്രമേ ഒരു സ്കെയിൽ സൃഷ്ടിക്കാൻ കഴിയൂ എന്നും സ്റ്റെല്ലാന്റിസ് സിഇഒ കാർലോസ് തവാരസ് നേരത്തെ പറഞ്ഞിരുന്നു. ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രാദേശിക ഉൽപ്പാദനം eC3-യുടെ വില കഴിയുന്നത്ര കുറയ്ക്കാൻ സിട്രോണിനെ സഹായിക്കും.

അതിന്റെ ചെലവ് നിയന്ത്രിക്കുന്നതിന്, ബാറ്ററി സാമഗ്രികൾ വിതരണം ചെയ്യാൻ കഴിവുള്ള പ്രാദേശിക വിതരണക്കാരെ സിട്രോൺ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 30 kWh ശേഷിയുള്ള ഒരു ചെറിയ ബാറ്ററിയുമായി eC3 വരുമെന്ന് പ്രതീക്ഷിക്കുന്നു. ലാഭക്ഷമത സംരക്ഷിച്ചുകൊണ്ട് മിതമായ നിരക്കിൽ ഇലക്ട്രിക് കോംപാക്റ്റ് കാറുകൾ വിൽക്കാൻ ഇന്ത്യയ്ക്ക് മികച്ച അവസരമുണ്ടെന്ന് തവാരസ് പറഞ്ഞിരുന്നു. രാജ്യത്തിന് ചെലവ് കുറഞ്ഞ മത്സരാധിഷ്ഠിത വിതരണ അടിത്തറയുള്ളതിനാൽ കയറ്റുമതിയും സാധ്യമാണ്.

അരങ്ങേറ്റത്തിന് മുന്നോടിയായി സിട്രോൺ നിരവധി തവണ eC3 പരീക്ഷിക്കുന്നത് കണ്ടിട്ടുണ്ട്. പുറത്തിറക്കുമ്പോൾ, എസ്‌യുവി അനുപാതത്തിലുള്ള ഇലക്ട്രിക് ഹാച്ച്ബാക്ക് ഇന്ത്യൻ നിരത്തുകളിലെത്താൻ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക്ക് വാഹനങ്ങളിൽ ഒന്നായിരിക്കും. നിലവിൽ സെഗ്‌മെന്റിൽ ഏറ്റവും താങ്ങാനാവുന്ന ടാറ്റ ടിയാഗോ ഇവിയെ ഇത് നേരിടും.

Top