സിട്രോൺ ഇ-സി3 എത്തി; വില 11.50 ലക്ഷം മുതൽ

സിട്രോൺ ഇന്ത്യയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇലക്ട്രിക് എസ്‍യുവി, സിട്രോൺ ഇ-സി3 പുറത്തിറക്കി. 11.50 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ലൈവ്, ഫീൽ, ഫീൽ വൈബ് പാക്ക്, ഫീൽ ഡ്യുവൽ ടോൺ വൈബ് പാക്ക് എന്നിങ്ങനെ നാല് വേരിയന്റുകളിലായാണ് സിട്രോൺ ഇ-സി3 ലഭിക്കുക. അടിസ്ഥാന വകഭേദമായ ലൈവിന് 11.50 ലക്ഷം രൂപയും ഫീൽ വകഭേദത്തിന് 12.13 ലക്ഷം രൂപയും ഫീൽ വൈബ് പാക്കിന് 12.28 ലക്ഷം രൂപയും ഫീൽ ഡ്യുവൽ ടോൺ വൈബ് പാക്കിന് 12.43 ലക്ഷം രൂപയുമാണ് വില. പുതിയ ഇ-സി3ന്റെ വിതരണം ഈ ആഴ്ച മുതൽ ആരംഭിക്കും. പെട്രോൾ സി 3 പുറത്തിറങ്ങി ആറ് മാസത്തിന് ശേഷമാണ് ഇ-സി3യുടെ വരവ്.

ഡി സി ഫാസ്റ്റ് ചാർജിങ് ഉപയോഗിച്ച്, വെറും 57 മിനിറ്റിനുള്ളിൽ കാറിന് 80 ശതമാനം ചാർജ് ചെയ്യാൻ കഴിയും. 10.2 ഇഞ്ച് ടച്ച് സ്ക്രീൻ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, , ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവിങ് സീറ്റ് എന്നിവ സിട്രോൺ ഇ-സി 3 സവിശേഷതകളിൽ ഉൾപ്പെടുന്നു. കൂടാതെ, മൈ സിട്രോൺ കണക്ട് ആപ്പിന്റെ കണക്‌റ്റഡ് കാർ ടെക്‌നോളജിയും കാറിന് ലഭിക്കുന്നു. കാറിന്റെ ചാർജിങ് സ്റ്റാറ്റസ്, ലൊക്കേഷൻ, ഡ്രൈവിങ് രീതികൾ, അടുത്തുള്ള ചാർജിങ് സ്റ്റേഷന്റെ സ്ഥാനം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാൻ സഹായിക്കുന്ന 35 സ്മാർട്ട് ഫീച്ചറുകൾ ഇത് വഴി ലഭ്യമാണ്. ഇരട്ട എയർബാഗുകളും EBD സഹിതമുള്ള എബിഎസും ഉൾപ്പെടുന്ന സുരക്ഷാ ക്രമീകരണങ്ങളും കാറിൽ ഉണ്ട്.

ഇന്ത്യയിൽ നിർമിച്ച് മറ്റ് രാജ്യങ്ങളിലേക്കും ഇ-സി 3 കയറ്റുമതി ചെയ്യാനാണ് കമ്പനിയുടെ പദ്ധതി.

Top