സിട്രോൺ C3 ഡെലിവറി 19 നഗരങ്ങളിൽ ആരംഭിക്കുന്നു

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോൺ പുതിയ C3 ഹാച്ച്ബാക്ക് ഔദ്യോഗികമായി വിതരണം ചെയ്യാൻ ആരംഭിച്ചു. കമ്പനിയുടെ ലാ മൈസൺ സിട്രോൺ ഫിജിറ്റൽ ഷോറൂമുകളിലൂടെ 19 നഗരങ്ങളിലായാണ് പുതിയ മോഡൽ ഡെലിവറി ആരംഭിച്ചത്. ജൂലൈ 20 -ന് ലോഞ്ച് ചെയ്ത പുതിയ സിട്രോൺ C3ലൈവ്, ഫീൽ എന്നിവ രണ്ട് ട്രിമ്മുകളിൽ ലഭ്യമാണ്. നാല് മോണോ ടോണും ആറ് ഡ്യുവൽ ടോണും ഉള്‍പ്പെടെ 10 ബാഹ്യ നിറങ്ങളിൽ വാഹനം വാഗ്ദാനം ചെയ്യുന്നു. 5.71 ലക്ഷം മുതൽ 8.06 ലക്ഷം രൂപ വരെയാണ് പുതിയ C3 യുടെ വില.

ദില്ലി, ഗുഡ്ഗാവ്, മുംബൈ, പൂനെ, അഹമ്മദാബാദ്, കൊൽക്കത്ത, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി, ചെന്നൈ, ചണ്ഡിഗഡ്, ജയ്പൂർ, ലഖ്‌നൗ, ഭുവനേശ്വർ, സൂറത്ത്, നാഗ്പൂർ, വിജാഗ്, കോഴിക്കോട്, കോയമ്പത്തൂർ എന്നീ 19 നഗരങ്ങളിലാണ് പുതിയ സിട്രോൺ സി3 ഡെലിവറി ആരംഭിച്ചിരിക്കുന്നത്. കമ്പനി നിലവിൽ അതിന്റെ ഡീലർഷിപ്പ് ശൃംഖല വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്. മറ്റ് നഗരങ്ങളിലെ ഡെലിവറികൾ സമീപഭാവിയിൽ ആരംഭിക്കുമെന്നും കമ്രനി അറിയിച്ചു.

ടാറ്റ പഞ്ച്, നിസാൻ മാഗ്നൈറ്റ്, റെനോ കിഗർ, മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ് എന്നിവയുൾപ്പെടെ ഒന്നിലധികം വാഹനങ്ങൾക്ക് എതിരെയാണ് സിട്രോൺ സി3 സ്ഥാനം പിടിച്ചിരിക്കുന്നത്. ഭാവിയിൽ ഇന്ത്യയിലെ സിട്രോൺ കാറുകൾക്കും എസ്‌യുവികൾക്കും അടിസ്ഥാനമിടുന്ന പ്രാദേശികവൽക്കരിച്ച CMP (കോമൺ മോഡുലാർ പ്ലാറ്റ്‌ഫോം) അടിസ്ഥാനമാക്കിയുള്ളതാണ് ഈ മോഡല്‍. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, യുഎസ്ബി ചാർജറുകൾ, മാനുവൽ എസി, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയ്‌ക്കൊപ്പം വലിയ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഹാച്ച്‌ബാക്കിൽ സജ്ജീകരിച്ചിരിക്കുന്നത്.

Top