പൗരത്വ ബില്ലോടെ രക്ഷപ്പെട്ടത് കേന്ദ്രമോ ? സാമ്പത്തിക പ്രതിസന്ധി ചർച്ചയേയല്ല ! !

പൗരത്വഭേദഗതി ബില്ലില്‍ അമിത്ഷായുടെ കെണിയില്‍ വീണത് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസും പ്രതിപക്ഷവുമാണ്. മുസ്‌ലിം വിരുദ്ധത ഉയര്‍ത്തി അമിത്ഷായും മോഡിയും മറികടക്കുന്നത് വിലക്കയറ്റവും തൊഴിലില്ലായ്മയും ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാരിനെതിരായ ജനരോഷത്തെയാണ്.

ഉള്ളി വിലവര്‍ധനവില്‍ ഡല്‍ഹിയില്‍ ഭരണം പോലും നഷ്ടമായ ചരിത്രമുള്ള ബി.ജെ.പിക്ക് വിലക്കയറ്റവും തൊഴിലില്ലായ്മയും കര്‍ഷക പ്രശ്‌നങ്ങളും ഉയര്‍ത്തി കോണ്‍ഗ്രസ് പ്രക്ഷോഭം ഉയര്‍ത്തിയിരുന്നെങ്കില്‍ അത് നേരിടുക പ്രയാസകരമായിരുന്നു. ഇവിടെയാണ് കാവി രാഷ്ട്രീയം തന്ത്രം ഉപയോഗിച്ചിരിക്കുന്നത്. അതൊരു പരിതി വരെ ലക്ഷ്യം കണ്ടു എന്നുവേണം വിലയിരുത്തേണ്ടത്.

മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് – എന്‍.സി.പി സഖ്യം ഭരണം പിടിച്ചത് അമിത്ഷായുടെ രാഷ്ട്രീയ ചാണക്യനെന്ന പ്രതിഛായക്കേറ്റ വലിയ തിരിച്ചടിയായിരുന്നു. ഇതിനെ മറികടക്കാനും കര്‍ക്കശകാരനായ ഭരണാധികാരി എന്ന ഇമേജ് ഉണ്ടാക്കാനും പൗരത്വ ബില്ലിലൂടെ അമിത് ഷാക്ക് കഴിഞ്ഞിട്ടുണ്ട്.

സാമ്പത്തിക തകര്‍ച്ചയില്‍ ഏറെ പഴികേള്‍ക്കുന്നതിനിടെയാണ് കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും പൗരത്വബില്ലിന്റെ പേരില്‍ അമിത് ഷാ തളച്ചിട്ടിരിക്കുന്നത്. പൗരത്വഭേദഗതി ബില്ലില്‍ ലോക്‌സഭയില്‍ ശിവസേനയെ ഒപ്പം നിര്‍ത്താനായതും ബി.ജെ.പിയുടെ രാഷ്ട്രീയ വിജയമാണ്. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിക്ക് അണ്ണാ ഡി.എം.കെ, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ജെ.ഡി.യു, തെലുങ്കുദേശം പാര്‍ട്ടി എന്നിവരുടെ പിന്തുണ നേടാനുമായി.

ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യമെന്ന കോണ്‍ഗ്രസ് നീക്കവും ഇതുവരെ വിജയം കണ്ടിട്ടില്ല. ബി.ജെ.പിക്ക് കാര്യമായ വേരോട്ടമില്ലാത്ത ദക്ഷിണേന്ത്യയില്‍ പോലും അണ്ണാ ഡി.എം.കെ, വൈ.എസ്.ആര്‍
കോണ്‍ഗ്രസ്, തെലുങ്കുദേശം പാര്‍ട്ടി എന്നിവയുടെ പിന്തുണ നേടാനായതും ബി.ജെ.പിയുടെ രാഷ്ട്രീയ വിജയം തന്നെയാണ്.

മഹാരാഷ്ട്രയില്‍ സഖ്യകക്ഷിയായ ശിവസേനയെ കൂട്ടി കോണ്‍ഗ്രസ് ഭരണം പിടിച്ചതിന് കര്‍ണാടകയില്‍ കാലുമാറിയെത്തിയ കോണ്‍ഗ്രസ് വിമതന്‍മാരെ വിജയിപ്പിച്ച് ഭരണം നിലനിര്‍ത്തിയാണ് ബി.ജെ.പി തിരിച്ചടിച്ചിരിക്കുന്നത്.

ശിവസേനയുമായുള്ള സഖ്യം രാജ്യത്ത് കോണ്‍ഗ്രസിന് മൃദുഹിന്ദുത്വം മുഖം നല്‍കുമെന്ന ആശങ്ക ബി.ജെ.പി നേതൃത്വത്തിനുണ്ടായിരുന്നു.

അയോധ്യ കേസില്‍ സുപ്രീം കോടതി വിധിയോടെ ‘രാമക്ഷേത്ര നിര്‍മ്മാണം’ എന്ന മുദ്രാവാക്യവും കാവിപ്പടയ്ക്ക് കൈമോശം വന്നിരുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയതും ബി.ജെ.പിയെ അമ്പരപ്പിച്ച സംഭവമാണ്.

രാമക്ഷേത്രത്തിന്റെ പേരില്‍ ഇനി ഹിന്ദു സമൂഹത്തെ ഒപ്പം നിര്‍ത്താനാവില്ലെന്ന തിരിച്ചറിവിലാണ് പൗരത്വഭേദഗതി ബില്ലില്‍ മതം പ്രധാനവിഷയമാക്കി ബിജെപി ഉയര്‍ത്തി കാട്ടിയിരിക്കുന്നത്. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും നിന്നുള്ളവരില്‍ മുസ്‌ലിം മതമൊഴികെ ഹിന്ദു, ക്രിസ്ത്യന്‍, സിക്ക്, പാര്‍സി, ബുദ്ധ, ജൈന മതക്കാര്‍ക്ക് മാത്രമേ പൗരത്വം നല്‍കുകയുള്ളൂ എന്നാണ് ബില്ലില്‍ വ്യക്തമാക്കിയിരിക്കുന്നത്.

മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളായ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മുസ്‌ലീം മതക്കാര്‍ക്ക് പൗരത്വം നല്‍കേണ്ട ഉത്തരവാദിത്വം ഇന്ത്യക്കില്ല. അവിടെനിന്നും കുടിയേറുന്ന ന്യൂനപക്ഷങ്ങളുടെ കാര്യത്തിലേ അനുഭാവ നിലപാടെടുക്കേണ്ടതുള്ളൂ. ഈ നിലപാട് തന്നെയാണ് പൗരത്വ ബില്ലിലും ഉയര്‍ത്തിപ്പിടിക്കുന്നതെങ്കിലും അത് മുസ്‌ലീങ്ങള്‍ക്ക് പൗരത്വം നല്‍കില്ലെന്ന രീതിയില്‍ ഉയര്‍ത്തിയത് പ്രതിപക്ഷ പ്രക്ഷോഭം ലക്ഷ്യമിട്ട് തന്നെയാണ്.

അമിത്ഷയുടെ കെണിയില്‍ കോണ്‍ഗ്രസും പ്രതിപക്ഷവും വീണതോടെ പൗരത്വബില്ലിനെതിരായ പ്രതിഷേധം ആളിക്കത്തിക്കാനുള്ള തന്ത്രപരമായ നീക്കം തന്നെയാണ് കേന്ദ്രസര്‍ക്കാരും സ്വീകരിച്ചിരിക്കുന്നത്. അസമടക്കമുള്ള വടക്ക് കിഴക്കന്‍ മേഖലയില്‍, അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നത് തങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാക്കുമെന്ന് ഉയര്‍ത്തിയാണ് ജനങ്ങള്‍ സമരം ചെയ്യുന്നത്. എന്നാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ മുസ്‌ലീങ്ങള്‍ക്ക് പൗരത്വം നിഷേധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം ശക്തമായിരിക്കുന്നത്.

പൗരത്വഭേദഗതി നിയമം ബാധിക്കാത്ത സംസ്ഥാനമാണ് കേരളം. ഇവിടെ ജീവിക്കുന്ന മുസ്‌ലീങ്ങളാരും പൗരത്വം തെളിയിക്കേണ്ടകാര്യവുമില്ല. പാക് പൗരന്‍മാരായ തിരൂരില്‍ ബന്ധുത്വമുള്ളവര്‍ക്കും വയനാട്ടിലെ റോഹിങ്ക്യന്‍ കുടുംബത്തേയുമാണ് പൗരത്വ ബില്‍ ബാധിക്കുന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ മുസ്‌ലീങ്ങള്‍ക്കാകെ പൗരത്വം ഇല്ലാതാവുകയാണെന്ന ആശങ്കയാണ് പരക്കെ പടര്‍ന്നിരിക്കുന്നത്.

കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും യോജിച്ച് നടത്തിയ സത്യാഗ്രഹവും വെവ്വേറെ നടത്തുന്ന പ്രക്ഷോഭങ്ങളുമെല്ലാം ആശ്വാസമാകുന്നത് ആര്‍.എസ്.എസിനും മോഡി-അമിത്ഷാ കൂട്ടുകെട്ടിനുമാണ്. ഇവിടത്തെ പ്രക്ഷോഭങ്ങള്‍ ഉത്തരേന്ത്യയില്‍ ഹിന്ദുത്വ ധ്രുവീകരണത്തിന് വഴിയൊരുക്കുന്ന രാഷ്ട്രീയ സാഹചര്യത്തെയാണ് ബിജെപി മുന്നില്‍ കാണുന്നത്.

ഡല്‍ഹി രാം ലീല മൈതാനത്തെ ഭാരത് ബച്ചാവോ റാലിയില്‍ റേപ് ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പു പറയണമെന്ന ബി.ജെ.പിയുടെ ആവശ്യത്തോട് മാപ്പുപറയാന്‍ ‘എന്റെ പേര് രാഹുല്‍ സവര്‍ക്കറല്ല’ എന്ന രാഹുല്‍ഗാന്ധിയുടെ പ്രഖ്യാപനത്തിന് കൈയ്യടി ലഭിച്ചെങ്കിലും സഖ്യകക്ഷിയായ ശിവസേനപോലും തള്ളിപ്പറയുകയാണുണ്ടായത്. സവര്‍ക്കറിനെ വീര നായകനായാണ് ശിവസേന കാണുന്നത്. മാപ്പെഴുതിക്കൊടുത്ത് ജയില്‍ മോചിതനായ സവര്‍ക്കറുടെ ചരിത്രം ഉയര്‍ത്തിയാണ് രാഹുല്‍ഗാന്ധി രംഗത്ത് വന്നിരുന്നത്.

കോണ്‍ഗ്രസ് സംസാരിക്കുന്നത് പാക്കിസ്ഥാനും മുസ്‌ലീങ്ങള്‍ക്കും വേണ്ടിയാണ് എന്ന ആരോപണമാണ് അമിത്ഷാ ഇപ്പോള്‍ ഉയര്‍ത്തുന്നത്. മോദിയാവട്ടെ അക്രമികളാരാണെന്നത് അവരുടെ വസ്ത്രം കാണ്ടാലറിയാമെന്ന് പറഞ്ഞാണ് മുസ്‌ലീം വിരുദ്ധത ആളിക്കത്തിച്ചിരിക്കുന്നത്. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചപ്പോള്‍ റോഡ് ഷോയില്‍ മുസ്‌ലിം ലീഗിന്റെ പച്ചക്കൊടി ചൂണ്ടിക്കാട്ടി രാഹുല്‍ പാക്കിസ്ഥാനിലാണോ മത്സരിക്കുന്നതെന്ന ചോദ്യമായിരുന്നു അമിത്ഷാ ഉയര്‍ത്തിയിരുന്നത്. അന്ന് പലരും അമിത്ഷായുടെ പ്രസ്താവനയെ വിഡ്ഡിത്തരമെന്ന് തള്ളിയെങ്കിലും അതിന്റെ പ്രതിഫലനമുണ്ടായത് അമേത്തിയിലും ഉത്തരേന്ത്യയിലുമായിരുന്നു.

നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത കോട്ടയായ അമേത്തിയില്‍ രാഹുല്‍ ഗാന്ധി, സ്മൃതി ഇറാനിയോട് പരാജയപ്പെടുകയുണ്ടായി. നിയമസഭാഭരണം പിടിച്ച മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡില്‍ പോലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞ രാഹുല്‍ഗാന്ധി ഇതുവരെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ പോലും തയ്യാറായിട്ടില്ല. സോണിയ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ താല്‍ക്കാലിക അധ്യക്ഷസ്ഥാനം ഏറ്റെടുത്തിരിക്കുന്നത്.

രാജ്യത്തെ വിലക്കയറ്റവും തൊഴിലില്ലായ്മയും കര്‍ഷക ആത്മഹത്യകളും സാമ്പത്തിക തകര്‍ച്ചയുമെല്ലാം ഏറ്റെടുത്ത് പ്രക്ഷോഭം നടത്തിയിരുന്നുവെങ്കില്‍ അത് കേന്ദ്ര സര്‍ക്കാരിനെതിരെ ജനവികാരം ഉയര്‍ത്താന്‍ ഇടയാക്കുമായിരുന്നു. എന്നാല്‍ അത്തരമൊരു സാഹസത്തിന് കോണ്‍ഗ്രസ് മുതിര്‍ന്നിട്ടില്ല. ബിജെപിയാവട്ടെ പൗരത്വബില്ലിനെതിരായ സമരത്തെ മതം കൊണ്ട് നേരിടുന്ന കാഴ്ചയാണ് കാണുന്നത്.

കേരളത്തില്‍ ബി.ജെ.പിയൊഴികെയുള്ള രാഷ്ട്രീയ കക്ഷികളെല്ലാം പൗരത്വബില്ലിനെതിരെ രംഗത്തെത്തിയിട്ടുണ്ടെങ്കിലും അത് ബി.ജെ.പിയെ രാഷ്ട്രീയമായി ബാധിക്കുകയില്ല. നിലവില്‍ ഒറ്റ എം.പിപോലുമില്ലാത്ത കേരളത്തില്‍ തിരിച്ചടിയുണ്ടായാലും ഉത്തരേന്ത്യയില്‍ പൗരത്വബില്ലിനെതിരായ പ്രക്ഷോഭം അനുകൂല തരംഗം സൃഷ്ടിക്കുമെന്ന കണക്ക്കൂട്ടലിലാണ് സംഘപരിവാര്‍ നേതൃത്വം.

 

Political Reporter

Top