നയതന്ത്ര ഉദ്യോഗസ്ഥന്റെ വാഹനത്തിന് നേരെ അക്രമം; അധിക സുരക്ഷ നല്‍കണമെന്ന് ബംഗ്ലാദേശ്

ഗുവാഹാട്ടി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രക്ഷോഭങ്ങള്‍ അരങ്ങേറുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് പ്രക്ഷോഭം ശക്തമായിരിക്കുന്നത്. അതേസമയം പ്രക്ഷോഭം നടക്കുന്ന ഗുവാഹാട്ടിയില്‍ ബംഗ്ലാദേശ് നയതന്ത്ര ഉദ്യോഗസ്ഥന്റെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടു. അക്രമികള്‍ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷന്റെ രണ്ട് സൈന്‍ പോസ്റ്റുകള്‍ നശിപ്പിച്ചു.

ഗുവാഹാട്ടിയിലെ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷണര്‍ ഷാ മുഹമ്മദ് തന്‍വീര്‍ മന്‍സൂറിന്റെ സുരക്ഷാ വാഹനമാണ് പ്രതിഷേധക്കാര്‍ ബുധനാഴ്ച ആക്രമിച്ചത്. ഡല്‍ഹിയില്‍ നിന്ന് ഗുവാഹാട്ടി വിമാനത്താവളത്തില്‍ വന്നിറങ്ങിയ അസിസ്റ്റന്റ് ഹൈക്കമ്മീഷണര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ സഞ്ചരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്.

സംഭവത്തില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശ് ആക്ടിംഗ് വിദേശകാര്യ സെക്രട്ടറി കമ്റുള്‍ അഹ്സാന്‍ ബംഗ്ലാദേശ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ റിവ ഗാംഗുലി ദാസിനെ വിളിച്ചുവരുത്തി അധിക സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍ പ്രതിഷേധക്കാര്‍ പോലീസ് വാഹനത്തെയാണ് ആക്രമിച്ചതെന്നും തന്‍വീര്‍ മന്‍സൂറിന്റെ വാഹനമല്ല ആക്രമിക്കപ്പെട്ടതെന്നും റിപ്പോട്ടുകള്‍ പുറത്തുവരുന്നുണ്ട്.

അതേസമയം പൗരത്വ ബില്ലിനെച്ചൊല്ലി പ്രതിഷേധങ്ങള്‍ക്ക് ശമനമായതോടെ ഗുവാഹാട്ടിയില്‍ കര്‍ഫ്യൂവില്‍ ഇളവ് നല്‍കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം നാല് വരെയാണ് കര്‍ഫ്യൂ ഇളവ് നല്‍കിയത്. എന്നാല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള വിലക്ക് നീക്കിയിട്ടില്ല. അനിശ്ചിതകാല കര്‍ഫ്യൂ നിലനില്‍ക്കുന്ന അസമിലെ 10 ജില്ലയില്‍ ഇന്റര്‍നെറ്റ് വിലക്ക് 48 മണിക്കൂര്‍കൂടി നീട്ടി.

ഗുവാഹാട്ടിയില്‍ വെള്ളിയാഴ്ച രാത്രിയില്‍ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനാലാണ് നിരോധനാജ്ഞയ്ക്ക് ഇളവ് വരുത്തിയിരിക്കുന്നത്. സൈന്യവും പോലീസും കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്.

Top