മുസ്ലീം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം; ലീഗിന്റെ അപേക്ഷ രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും

ന്യൂഡല്‍ഹി: മുസ്ലീം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം ചോദ്യം ചെയ്ത് മുസ്ലിം ലീഗ് നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാര്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ രണ്ടാഴ്ച സമയം വേണമെന്ന് ലീഗ് കോടതിയില്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഇന്ന് അറ്റോര്‍ണി ജനറലും, സോളിസിറ്റര്‍ ജനറലുമാണ് കോടതിയില്‍ ഹാജരായത്.

ജസ്റ്റിസ്മാരായ ഹേമന്ത് ഗുപ്ത, വി രാമസുബ്രമണ്യം എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ലീഗിന്റെ അപേക്ഷ ഇന്ന് പരിഗണിച്ചത്. കേസ് പരിഗണനയ്ക്ക് എടുത്തപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ വാദം അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറയുമെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് അറ്റോര്‍ണി ജനറല്‍ വാദം ആരംഭിക്കാന്‍ തുടങ്ങി.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലം ഇന്നലെ വൈകിട്ട് മാത്രമാണ് ലഭിച്ചെതെന്ന് മുസ്ലിം ലീഗിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. മറുപടി നല്‍കുന്നതിന് രണ്ട് ആഴ്ചത്തെ സമയം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മെയ് മാസം പുറത്തിറക്കിയ വിജ്ഞാപനത്തിന് പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. മുമ്പ് അഞ്ച് തവണ സമാനമായ വിജ്ഞാപനം ഇറക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

 

Top