പൗരത്വബില്‍ ലോക്‌സഭയില്‍: “അസമിലെ ജനങ്ങള്‍ക്കെതിരല്ല, വ്യാജപ്രചരണം”

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങാണ് ബില്‍ അവതരിപ്പിച്ചത്. പൗരത്വബില്ല് അസമിലെ ജനങ്ങള്‍ക്കെതിരാണ് എന്ന പ്രതിപക്ഷത്തിന്റെ പ്രസ്താവനയെ വ്യാജപ്രചരണമെന്ന് രീതിയില്‍ രാജ്‌നാഥ് സിങ് തള്ളി.

പാകിസ്ഥാന്‍, ബംഗ്‌ളാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും കുടിയേറിയ ഹിന്ദുക്കള്‍ക്കും അവിടുത്തെ മറ്റു ന്യൂനപക്ഷങ്ങള്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് ബില്‍. 1971-ന് ശേഷം ഇന്ത്യയിലേക്ക് കുടിയേറിയ എല്ലാ വിദേശപൗരന്‍മാരേയും തിരിച്ചയക്കാനാണ് 1985ലെ അസം ആക്ട് നിര്‍ദേസിക്കുന്നത്.

എന്നാല്‍ 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്തു കൊണ്ടു വരുന്ന പുതിയ ബില്ലില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറുന്ന ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയിന്‍സ്, പാര്‍സികള്‍, ക്രൈസ്തവര്‍ എന്നിവര്‍ക്ക് ആറ് വര്‍ഷം രാജ്യത്ത് താമസിച്ചാല്‍ പൗരത്വം നല്‍കാനാണ് ശുപാര്‍ശ ചെയ്യുന്നത്.

ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെ നഗ്‌നത പ്രദര്‍ശന പ്രതിഷേധവുമായി അസം സ്വദേശികള്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റിന് മുന്നിലെ റോഡില്‍ നഗ്നരായെത്തിയായിരുന്നു പ്രതിഷേധം.

ആള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍, നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍, കൃഷക് മുക്തി സംഗ്രം സമിതി തുടങ്ങി മുപ്പതോളം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

ദേശീയ പൗരത്വ രജിസ്റ്റര്‍ ബില്‍ പാസാക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിന് എതിരെ അസമില്‍് ‘ബ്ലാക്ക് ഡേ’ ആചരിച്ചിരുന്നു. 3.29 കോടി വരുന്ന ആസാമിലെ ജനസംഖ്യയില്‍ 40.07 ലക്ഷം പേരെ ഉള്‍പ്പെടാതെയായിരുന്നു കഴിഞ്ഞ സെപ്റ്റബര്‍ 25 ന് ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചത്. അസമില്‍ പൗരത്വ രജിസ്റ്റര്‍ പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ ചുരുങ്ങിയത് 10 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരന്‍മാര്‍ അല്ലാതായേക്കും.

Top