പൗരത്വ ഭേദഗതി ബില്‍ ; മുസ്ലിം വിദ്യാർഥി സംഘടനകളുടെ പാർലമെന്റ് മാർച്ച് ഇന്ന്

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി രാജ്യത്ത് പലയിടങ്ങളിലും അതിരൂക്ഷമായ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. വിവിധ മുസ്ലിം വിദ്യാര്‍ഥി സംഘടനകള്‍ പാര്‍ലമെന്റ് മാര്‍ച്ചും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്ലിം സംഘടനകളായ എം.എസ്.എഫും എസ്.ഐ.ഒയും ആണ് പാര്‍ലമെന്റ് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുള്ളത്.

പൗരത്വ ഭേദഗതി ബില്ല് പാസാക്കിയ പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധം വീണ്ടും ശക്തമാക്കിയിരിക്കുന്നത്.

ഇന്നലെ ഡല്‍ഹിയിലെ വിവിധ കേന്ദ്ര സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. ഡല്‍ഹി സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധത്തില്‍ സര്‍വകാലാശാല അധ്യാപകരായ ഹാനി ബാബു, സച്ചിന്‍ നാരായണന്‍, ഡോ. സരോജ് ഗിരി എന്നിവര്‍ സംസാരിച്ചു.

ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ ഫ്‌ലാഷ് ലൈറ്റ് മാര്‍ച്ചും സംഘടിപ്പിച്ചു. സര്‍വകലാശാലക്ക് മുമ്പിലെ റോഡും ഉപരോധിച്ചു. ജെഎന്‍യു വിദ്യാര്‍ഥികള്‍ കാമ്പസിനകത്ത് പ്രതിഷേധ പ്രകടനം നടത്തി. അലിഗഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രതിഷേധം രണ്ട് ദിവസമായി തുടരുകയാണ്. അലിഗഡില്‍ നടന്ന നിരാഹര സമരത്തില്‍ 25000 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഇന്ത്യാ ഗേറ്റിലും പ്രതിഷേധവുമായി വിദ്യാര്‍ഥികളെത്തി.

ഏറെ വിവാദങ്ങള്‍ക്കും മാരത്തണ്‍ സംവാദങ്ങള്‍ക്കും ഒടുവിലാണ് പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയത്. നേരത്തെ ലോക്സഭയും ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വച്ചതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറി.

വന്‍ ഭൂരിപക്ഷത്തോടെ ലോക്‌സഭയും പാസാക്കിയ ബില്ല് ബുധനാഴ്ചയാണ് രാജ്യസഭ പാസാക്കിയത്. ഇതുപ്രകാരം പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നു 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയംതേടിയ ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്‌സി ന്യൂനപക്ഷമത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.

Top