പൗരത്വ നിയമഭേദഗതി ഇന്ന് സഭയിൽ ; പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി : പൗരത്വ നിയമഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്‍ അവതരിപ്പിക്കുന്നത്. ബില്ലിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ബില്ലിനെതിരെ മുസ്ലിം ലീഗ് ഇന്ന് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കും.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാകും പൗരത്വ നിയമഭേദഗതി ബില്‍ അവതരിപ്പിക്കുക. രണ്ടായിരത്തി പതിനാലിന് മുമ്പ് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് വന്ന അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നല്‍കും, മുസ്ലീങ്ങള്‍ ഒഴികെയുള്ള അഭയാർത്ഥികൾക്കാവും പൗരത്വം, ഇന്ത്യയിലെത്തുന്ന അഭയാർത്ഥികൾ പൗരത്വം നേടാൻ കുറഞ്ഞത് 11 കൊല്ലം ഇവിടെ താമസിച്ചിരിക്കണം എന്നത് അഞ്ച് വർഷമായി കുറയ്ക്കും എന്നിവയാണ് ബില്ലിലെ പ്രധാന വ്യവസ്ഥകൾ.

വിഷയം രാജ്യത്തെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അടക്കം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചതിന് പിന്നാലെയാണ് സഭയില്‍ ബില്‍ എത്തുന്നത്. 9 ആം തിയതി മുതല്‍ 12 വരെ പാര്‍ലമെന്റില്‍ ഉണ്ടായിരിക്കണമെന്ന് ബി.ജെ.പി എം.പിമാര്‍ക്ക് പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്.

ലോക്സഭയില്‍ പാസായാല്‍ 11ന് തന്നെ രാജ്യസഭയിലും ബില്‍ എത്തും. ബില്‍ സഭയില്‍ പാസായാല്‍ സുപ്രീം കോടതിയെ ഇക്കാര്യത്തില്‍ സമീപിക്കാനാകും പ്രതിപക്ഷം ശ്രമിക്കുക. രണ്ട് പ്രധാന ഭേദഗതികള്‍ വേണമെന്നും വോട്ടെടുപ്പ് വേണമെന്നും സി.പി.എം അടക്കമുള്ള ഇടത് പാര്‍ട്ടികള്‍ ആവശ്യപ്പെടും.

കോണ്‍ഗ്രസിന് പുറമെ ഇടത് പാര്‍ട്ടികള്‍ , ആര്‍.ജെ.ഡി , ഡി.എം.കെ, മുസ്ലീംലീഗ് , എസ്.പി , ബി.എസ്.പി, ആം ആദ്മി പാര്‍ട്ടി എന്നിവര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യും. ശിവസേനയും തൃണമൂല്‍ കോണ്‍ഗ്രസും സഭയില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി അറിയേണ്ടത്. എന്‍.ഡി.എ ഘടകക്ഷികള്‍ അല്ലെങ്കിലും ബി.ജെ.ഡി, ടി.ആര്‍.എസ്, വൈ.എസ്.ആര്‍ എസ്.പി എന്നീ പാര്‍ട്ടികളും ബില്ലിനെ സഭയില്‍ അനുകൂലിച്ചേക്കും.

Top