ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി

ന്യൂഡല്‍ഹി : പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും അവഗണിച്ച് ഒടുവില്‍ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. നേരത്തെ ലോക്സഭയും ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറും.

105നെതിരെ 125 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ശിവസേനയും ബി.എസ്.പിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ചര്‍ച്ചയ്ക്കിടെ ശിവസേന എം.പിമാര്‍ രാജ്യസഭയില്‍ നിന്നിറങ്ങിപ്പോയി.

മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്‍റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ശിവസേനയുടെ നീക്കമെന്നാണ് സൂചന. ലോക്സഭയില്‍ പൗരത്വഭേദഗതി ബില്ലിനെ അനുകൂലിച്ച ശിവസേനയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ശിവസേന നിലപാട് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.

80ന് എതിരെ 311 വോട്ടുകള്‍ക്കായിരുന്നു ബില്‍ ലോക്‌സഭ കടന്നത്. പാകിസ്ഥാന്‍, ബംഗ്ളാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും എത്തുന്ന മുസ്ലിംകളല്ലാത്ത അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്ലിലെ വിവാദ ഭേദഗതി.

ഏതെങ്കിലും പ്രത്യേക മതസ്ഥരോട് സര്‍ക്കാര്‍ അസഹിഷ്ണുത കാണിക്കുന്നില്ലെന്നും ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവ ഇസ്ലാമിക രാഷ്ട്രങ്ങളായതിനാലും അവിടെയുള്ള ന്യൂനപക്ഷവിഭാഗങ്ങള്‍ കടുത്ത മനുഷ്യാവകാശധ്വംസനം നേരിടേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിനാലാണ് ബില്‍ കൊണ്ടു വന്നതെന്നും ഇസ്ലാമിക രാജ്യങ്ങളില്‍ മുസ്ലീങ്ങള്‍ അരക്ഷിതരായിരിക്കുമെന്ന വാദം വിശ്വസിക്കാനാവില്ലെന്നും രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര അഭ്യന്ത്രമന്ത്രി അമിത് ഷാ വ്യക്തമാക്കി.

Top