ദേശീയ പൗരത്വ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ ; തടയിടാന്‍ പ്രതിപക്ഷവും

ന്യൂഡല്‍ഹി : ലോക്സഭ പാസാക്കിയ ദേശീയ പൗരത്വ നിയമഭേദഗതി ബിൽ ഇന്ന് രാജ്യസഭ പരിഗണിക്കും. എൻഡിഎയിലെ 102 എംപിമാർ ബില്ലിനെ പിന്തുണയ്ക്കുന്നുണ്ട്. അണ്ണാ ഡിഎംകെ, ബിജു ജനതാദൾ എന്നിവയുടെ പിന്തുണ കൂടി കിട്ടിയാൽ ബിൽ പാസാകും. ബില്ലിന് പ്രതിപക്ഷം നിരവധി ഭേദഗതികൾ നൽകിയിട്ടുണ്ട്.

രാജ്യസഭയിൽ ബിൽ പരാജയപ്പെട്ടാൽ സംയുക്ത പാർലമെന്റ് വിളിച്ചു ചേർക്കാനും കേന്ദ്ര സർക്കർ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ആറു മണിക്കൂർ ചർച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്.

അതേ സമയം ലോക്സഭ പാസാക്കിയ ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധം നടക്കുകയാണ്. അസമിൽ പന്ത്രണ്ടു മണിക്കൂർ ബന്ദ് പലയിടത്തും അക്രമാസക്തമായി. ബില്ലിനെതിരെ എൻഇഎസ്ഒ ( നോർത്ത് ഈസ്റ്റ് സ്റ്റുഡന്‍റ്സ് അസോസിയേഷൻ, എഎഎസ്‍യു (ആൾ ആസാം സ്റ്റുഡന്‍റസ് യൂണിയൻ) എന്നീ വിദ്യാർത്ഥി സംഘടനകളാണ് അസമിൽ ബന്ദിന് ആഹ്വാനം ചെയ്തത്. ഗുവാഹതിയിൽ ബി.ജെപി ഓഫീസിന് നേർക്ക് ആക്രമണം നടന്നു.

Top