പൗരത്വ ഭേദഗതി നിയമം: നിയമ നടപടികള്‍ സ്വീകരിക്കാന്‍ എ ജിയെ ചുമതലപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് അനുസൃതമായി ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട തുടര്‍ നിയമനടപടി സുപ്രീം കോടതി മുഖേന അടിയന്തരമായി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി.

ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം ഒറിജിനല്‍ സ്യൂട്ട് നേരത്തെ തന്നെ സുപ്രീം കോടതി മുമ്പാകെ സംസ്ഥാനം ഫയല്‍ ചെയ്തിട്ടുണ്ട്. പൗരത്വ നിയമത്തിന്‍ കീഴിലുള്ള ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത സാഹചര്യത്തിലാണ് സുപ്രീംകോടതി മുഖേന തുടര്‍ നിയമ നടപടിക്ക് സംസ്ഥാനം ഒരുങ്ങുന്നത്. കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.

സുപ്രീം കോടതിയെ സമീപിക്കാൻ ഡിവൈഎഫ്‌ഐയും തീരുമാനിച്ചിരുന്നു. വലിയ രീതിയിലുള്ള പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുമെന്നും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം നേരത്തേ പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി ചട്ടങ്ങള്‍ നിലവില്‍ വന്നത് ഭരണഘടന തത്വങ്ങളോടുള്ള വെല്ലുവിളിയാണ്. പൗരത്വത്തിനു മതം മാനദണ്ഡമാകുന്നു എന്നതാണ് പ്രതിഷേധത്തിന് കാരണം. അത് മതേതരത്വത്തെ തകര്‍ക്കും. വംശീയ റിപ്പബ്ലിക്കിലേക്ക് ഇന്ത്യയെ കൊണ്ടുപോകാനുള്ള ശ്രമമാണിത്. രാഷ്ട്രീയ യുദ്ധത്തിനൊപ്പം നിയമ പോരാട്ടത്തിലേക്ക് ഡിവൈഎഫ്‌ഐ കടക്കുമെന്നും എ എ റഹീം പറഞ്ഞിരുന്നു.

 

Top