ചൊവ്വാഴ്ചത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് പൊലീസ്, കര്‍ശന നടപടി

തിരുവനന്തപുരം : ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ വിവിധ സംഘടനകള്‍ സംസ്ഥാനത്ത് ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് പൊലീസ്.

ഏഴ് ദിവസം മുമ്പേ ഹര്‍ത്താല്‍ നടത്താനുദ്ദേശിക്കുന്ന സംഘടന നോട്ടീസ് തരണമെന്നാണ് ഹൈക്കോടതി ഉത്തരവ്. സംയുക്തഹര്‍ത്താല്‍ എന്ന തരത്തിലുള്ള പ്രചാരണവുമായി സാമൂഹ്യമാധ്യമങ്ങളില്‍ സജീവ പ്രചാരണം നടക്കുന്നുണ്ടെങ്കിലും അത്തരത്തിലൊരു നോട്ടീസും കിട്ടിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

എല്ലാ ജില്ലകളിലെയും പൊലീസ് മേധാവിമാരാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. നിയമവിരുദ്ധമായി ഹര്‍ത്താല്‍ നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി അസോസിയേഷനും വ്യക്തമാക്കി.

പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് മണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ അറിയിപ്പ്.

എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബി എസ് പി, കേരള മുസ്ലിം യുവജന ഫെഡറേഷന്‍, സോളിഡാരിറ്റി, എസ് ഐ ഒ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, പോരാട്ടം, ഡി എച്ച് ആര്‍ എം, ജമാ- അത്ത് കൗണ്‍സില്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗ തീരുമാനമാണെന്നുള്ള രീതിയിലാണ് സന്ദേശം പ്രചരിപ്പിക്കുന്നത്.

Top