രാഹുലിന് ‘വിപ്ലവം’ കൊറിയയിൽ മതി ! കേരളത്തിൽ യു.ഡി.എഫ് കുരുക്കിൽ

പൗരത്വ ബില്ലില്‍ തട്ടി യു.ഡി.എഫിലും ഉലച്ചില്‍ ശക്തമാകുന്നു. മുസ്ലീം ലീഗില്‍ മാത്രമല്ല, കേരള കോണ്‍ഗ്രസ്സിലും ഭിന്നത അതി രൂക്ഷമാണ്.

ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍ യു.ഡി.എഫ് നേതൃത്വം പരാജയപ്പെട്ടതായാണ് ഈ പാര്‍ട്ടികള്‍ വിലയിരുത്തുന്നത്.

ന്യൂനപക്ഷ വിഭാഗം ഉള്‍പ്പെടെ ഇടതുപക്ഷത്താട് കൂടുതല്‍ അനുഭാവം കാട്ടി തുടങ്ങിയതും യു.ഡി.എഫ് ഘടകകക്ഷികളെ ഞെട്ടിച്ചിട്ടുണ്ട്.

എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രക്ഷോഭങ്ങളില്‍ പതിനായിരങ്ങളാണ് പങ്കെടുത്തിരുന്നത്. ഇത്തരത്തില്‍ ഒരു മാസ് മുന്നേറ്റം നടത്താന്‍ യു.ഡി.എഫിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരവും യു.ഡി.എഫിനെ വെട്ടിലാക്കിയിട്ടുണ്ട്.

സി.പി.എം പക്ഷേ ഇക്കാര്യത്തിലും കൃത്യമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഈ തീവ്ര നിലപാടുള്ള സംഘടനകളെയും ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ചുവപ്പ് പ്രക്ഷോഭം പുരോഗമിക്കുന്നത്.

കൊച്ചിയിലും എസ്.എഫ്.ഐയും മറ്റ് വിദ്യാര്‍ത്ഥി സംഘടനകളും വെവ്വേറെയായിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളത്.

മഹാരാജാസ് കോളജില്‍ നിന്നും ആര്‍.ബി.ഐയുടെ കലൂരിലെ ആസ്ഥാനത്തേക്ക് നടത്തിയ എസ്.എഫ്.ഐ മാര്‍ച്ചില്‍ അനവധി പേരാണ് പങ്കെടുത്തിരുന്നത്. കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷമായാണ് മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചത്. സംസ്ഥാനത്തെ വിവിധ കലാലയങ്ങളിലേക്കാണ് പ്രക്ഷോഭം പടര്‍ന്ന് പിടിച്ചിരിക്കുന്നത്.

എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും അവരുടെ പോഷക സംഘടനകളുമെല്ലാം ആര്‍.എസ്.എസിനാണ് കരുത്തേകുന്നതെന്നാണ് എസ്.എഫ്.ഐ ചൂണ്ടിക്കാട്ടുന്നത്.

വിദ്യാര്‍ത്ഥി ഐക്യം എന്ന രൂപത്തില്‍ തീവ്ര സ്വഭാവമുള്ള സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ നിന്നും വിട്ട് നിന്നാണ് എസ്.എഫ്.ഐ ഒറ്റയ്ക്ക് പ്രക്ഷോഭം നടത്തുന്നത്.

സംസ്ഥാനത്തെ കാമ്പസുകള്‍ അടക്കി വാഴുന്ന എസ്.എഫ്.ഐയെ സംബന്ധിച്ച് ഇവരുമായി യോജിച്ച ഒരു പ്രക്ഷോഭത്തിന് പ്രസക്തിയുമില്ല. ഡല്‍ഹിയില്‍ തുടങ്ങി ഇപ്പോള്‍ ചെന്നൈയില്‍ പോലും രൂക്ഷമായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ മുന്‍ നിരയിലും എസ്.എഫ്.ഐ തന്നെയാണുള്ളത്. ഇവിടെ ശരിക്കും പകച്ച് നില്‍ക്കുന്നത് കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥി സംഘടനയാണ്.

രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയുടെ അവസ്ഥയിലാണിപ്പോള്‍ അവരുടെ നേതാവ് രാഹുല്‍ ഗാന്ധി.

പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കേണ്ട രാഹുല്‍ ഗാന്ധിയിപ്പോള്‍ ദക്ഷിണ കൊറിയയിലാണുള്ളത്. ഔദ്യോഗിക സന്ദര്‍ശനമാണ് ഇതെന്നാണ് വാര്‍ത്താ ഏജന്‍സി ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാഹുല്‍ എപ്പോള്‍ തിരച്ചെത്തുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് തന്നെ ഒരു നിശ്ചയവുമില്ലാത്ത അവസ്ഥയാണുള്ളത്.

ഈ സംഭവങ്ങളെല്ലാം കേരളത്തിലും സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്. കോണ്‍ഗ്രസ്സിനെ തേച്ച് ഭിത്തിയിലൊട്ടിക്കുന്ന കാഴ്ചയാണ് സകലയിടത്തും കാണാന്‍ കഴിയുന്നത്.

പ്രതിപക്ഷ നേതാവിന്റെ കഴിവ് കേടും പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ ലീഗും കേരളാ കോണ്‍ഗ്രസ്സും കടുത്ത അതൃപ്തിയിലാണ്.

ചെന്നിത്തലയെ ഒപ്പം കൂട്ടി പിണറായി സര്‍ക്കാര്‍ നടത്തിയ പ്രതിഷേധം പോലും ഇടതുപക്ഷത്തിനാണ് ഗുണം ചെയ്തതെന്നാണ് അവരുടെ വിലയിരുത്തല്‍.

പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി തുറന്നടിച്ചത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും ചര്‍ച്ചയായിരുന്നു. കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രിയുടെ കര്‍ക്കശമായ നിലപാടായാണ് മാധ്യമങ്ങള്‍ ഈ നിലപാടിനെ വിലയിരുത്തിയിരുന്നത്.

കേന്ദ്ര മന്ത്രിമാരും ഗവര്‍ണ്ണറുമെല്ലാം എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഉറച്ച നിലപാടില്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

എന്ത് തന്നെ വന്നാലും പൗരത്വ ഭേദഗതി നിയമം കേരളം നടപ്പാക്കില്ലെന്നാണ് മുഖ്യമന്ത്രി അസനിക്തമായി വ്യക്തമാക്കിയിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ലെന്നും, പൗരത്വ ഭേദഗതി നിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും ചോദ്യം ചെയ്യുമെന്നും പിണറായി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ മതാടിസ്ഥാനത്തിലുള്ള ഒരു വേര്‍തിരിവും അനുവദിക്കില്ല. എല്ലാ മതത്തില്‍പ്പെട്ടവര്‍ക്കും ഒരു മതത്തിലും പെടാത്തവര്‍ക്കും ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അത് ഭരണഘടനാ തത്വമാണ്. ആ അവകാശങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് രാജ്യത്തിന്റെ നയം. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നയവും അതാണെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യാവിഭജനം നടന്നപ്പോള്‍ ഞങ്ങള്‍ക്ക് പാകിസ്ഥാനല്ല വേണ്ടത്, മതേതര രാഷ്ട്രമായ ഇന്ത്യയിലാണ് താമസിക്കാന്‍ താല്‍പര്യമെന്നു പറഞ്ഞുവന്ന മുസ്ലീംങ്ങളുള്ള നാടാണിതെന്നും പിണറായി കേന്ദ്ര സര്‍ക്കാരിനെ ഒര്‍മ്മിപ്പിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാറിനെ എതിര്‍ക്കാന്‍ തയ്യാറാവുമ്പോള്‍ തന്നെ പൗരത്വ നിയമത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെയും കര്‍ശന നടപടിയാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഹര്‍ത്താലിനെതിരായ നടപടിയില്‍ നിന്നുതന്നെ അക്കാര്യവും വ്യക്തമാണ്.

പൗരത്വ ബില്ലിനെതിരെ സി.പി.എമ്മും വര്‍ഗ്ഗ ബഹുജന സംഘടനകളും അഴിച്ച് വിട്ട പ്രതിഷേധ കൊടുങ്കാറ്റില്‍ ശരിക്കും ഉലയുന്നതിപ്പോള്‍ യു.ഡി.എഫാണ്. അവരുടെ വോട്ട് ബാങ്കിലാണ് പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭം വിള്ളല്‍ വീഴ്ത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് അഭയം ശക്തമായി ലഭിക്കുക ഇടതുപക്ഷ ഭരണത്തിലാണെന്ന പ്രതീതി ന്യൂനപക്ഷങ്ങളില്‍ സൃഷ്ടിക്കാന്‍ ഇതിനകം തന്നെ ചെമ്പടക്ക് കഴിഞ്ഞിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാറിനെയും ആര്‍.എസ്.എസിനെയും എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സിന് മൂര്‍ച്ച പോരെന്ന വിമര്‍ശനമാണ് പരക്കെ ഉയര്‍ന്നിരിക്കുന്നത്.

ഈ അവസ്ഥയില്‍ 2021 ഉം പിണറായിയുടെ ഭരണ തുടര്‍ച്ചക്ക് വഴിവയ്ക്കുമോ എന്ന ആശങ്കയാണ് യു.ഡി.എഫില്‍ ഉയര്‍ത്തിയിരിക്കുന്നത്.

രണ്ടായ അവസ്ഥയില്‍ യു.ഡി.എഫില്‍ തുടരുന്ന കേരള കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ഇപ്പോള്‍ തന്നെ ഇടതു അനുകൂല നിലപാടിലാണ്.

മുസ്ലിം ലീഗിലാകട്ടെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസ്സിനൊപ്പം നിന്നാല്‍ അടിവേര് തകരുമെന്ന ആശങ്കയാണ് മുതിര്‍ന്ന നേതാക്കള്‍ പങ്കുവയ്ക്കുന്നത്.

എസ്.ഡി.പി.ഐ ഉള്‍പ്പെടെയുള്ള തീവ്ര നിലപാടുള്ള പാര്‍ട്ടികള്‍ അണികളെ സ്വാധീനിക്കുന്നതിലും ലീഗ് നേതൃത്വം ആശങ്കയിലാണ്.

കാസര്‍ഗോഡ്, കണ്ണൂര്‍,കോഴിക്കോട്, വയനാട്, മലപ്പുറം, ജില്ലകളില്‍ പാര്‍ട്ടി വോട്ട് ബാങ്ക് ഇടതുപക്ഷം ചോര്‍ത്തുമെന്ന ഭീതിയും ലീഗിനുണ്ട്.

സെന്‍സിറ്റീവ് വിഷയങ്ങളില്‍ കോണ്‍ഗ്രസ്സ് നേതൃത്വം സ്വീകരിക്കുന്ന മെല്ലെപ്പോക്ക് നയമാണ് ലീഗിനെ വല്ലാതെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

വയനാട് എം.പി കൂടിയായ രാഹുല്‍ ഗാന്ധിയുടെ കൊറിയ സന്ദര്‍ശനത്തിന് ഇപ്പോള്‍ മറുപടി പറയേണ്ട ബാധ്യത ലീഗിന് കൂടിയാണ് വന്നു ചേര്‍ന്നിരിക്കുന്നത്.

സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ച് പോകുന്നത് നോക്കി നില്‍ക്കാന്‍ കഴിയില്ലന്ന മുന്നറിയിപ്പ് വിവിധ ജില്ലകളിലെ നേതാക്കളും ലീഗ് നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഗതി നോക്കി നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് തനെ വ്യക്തമായ നിലപാട് സ്വീകരിക്കാനാണ് ഒരു വിഭാഗത്തിന്റെ നീക്കം.ലീഗില്‍ ഒരു പിളര്‍പ്പിന് തന്നെ വഴിമരുന്നിട്ടേക്കാവുന്ന പ്രതിസന്ധിയാണ് ഇപ്പോള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നത്. നേതൃതലത്തില്‍ തലമുറ മാറ്റം ആവശ്യപ്പെടുന്നവര്‍ തന്നെയാണ് പുതിയ നീക്കത്തിന് പിന്നിലും പ്രവര്‍ത്തിക്കുന്നത്.

യു.ഡി.എഫിന്റെ നിലനില്‍പ്പിന് തന്നെ നിര്‍ണ്ണായകമായ രണ്ട് ഘടക കക്ഷികള്‍ രണ്ടായാല്‍ അത് ആ മുന്നണിയുടെ അന്ത്യത്തിലാണ് കലാശിക്കുക.

political Reporter

Top