പൗരത്വ നിയമം; ഇടതുപക്ഷം തീർക്കുന്നത് പ്രതിഷേധ ചങ്ങല, ചരിത്രമാക്കാൻ നീക്കം !

പൗരത്വബില്‍ പ്രശ്‌നത്തില്‍ കേരളം ഇനി രചിക്കാന്‍ പോകുന്നത് പുതിയ ചരിത്രമാണ്. കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ ഇടതുപക്ഷം നടത്തുന്ന മനുഷ്യച്ചങ്ങലയാണ് ചരിത്രമാകാന്‍ പോകുന്നത്.

ഇതിനകം തന്നെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ പ്രക്ഷോഭത്തിനാണ് മനുഷ്യച്ചങ്ങല പുതിയ കരുത്തായി മാറുക.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 579.3 കിലോമീറ്ററിലാണ് മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ ചങ്ങല മനുഷ്യ കോട്ടയായി മാറുമെന്നാണ് സി.പി.എം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

വിദ്യാര്‍ത്ഥികളും സ്ത്രീകളും കുട്ടികളും മുതല്‍ മുതിര്‍ന്നവര്‍ വരെ മനുഷ്യച്ചങ്ങലയില്‍ അണിനിരക്കും.സിനിമാ താരങ്ങളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും പങ്കെടുപ്പിക്കുന്നതിനുള്ള നീക്കങ്ങളും അണിയറയില്‍ ഊര്‍ജ്ജിതമാണ്.

സ്വന്തം നെഞ്ച് കൊണ്ട് നിരവധി തവണ കേരളത്തെ അളന്നവരാണ് ഇവിടുത്തെ ഇടതുപക്ഷ പ്രവര്‍ത്തകര്‍. അതു കൊണ്ട് തന്നെ മനുഷ്യച്ചങ്ങലയുടെ വിജയത്തെ കുറിച്ച് ആര്‍ക്കും തന്നെ ഒരു സംശയവുമില്ല. ഇതില്‍ എത്രമാത്രം ജനങ്ങള്‍ പങ്കാളിയാവും എന്നത് മാത്രമാണ് രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും, ആരോഗ്യം അനുവദിച്ചാല്‍ വി.എസ് അച്ചുതാനന്ദനും ചങ്ങലയില്‍ കണ്ണികളാകും.

എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വലിയ രൂപത്തില്‍ വിദ്യാര്‍ത്ഥികള്‍ മനുഷ്യച്ചങ്ങലയുടെ ഭാഗമാകുമെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളികളാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍.

കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ ബി.ജെ.പി ഒഴികെ ഒട്ടുമിക്ക പാര്‍ട്ടികളും പ്രതിഷേധത്തിലാണ്.

പ്രതിഷേധം അതിരുവിടാതിരിക്കാന്‍ ജാഗ്രത പാലിക്കാന്‍ ഇടതുപക്ഷവും യു.ഡി.എഫും അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീവ്രസ്വഭാവമുള്ള സംഘടനകളെ മാറ്റി നിര്‍ത്താനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം.

എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുമായി ഇടതുപക്ഷം നിലവില്‍ സഹകരിക്കുന്നില്ല. ഇവര്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതക്കാണ് വളമേകുന്നത് എന്നാണ് സി.പി.എം ആരോപിക്കുന്നത്.

തീവ്ര ആശയങ്ങള്‍ വച്ചു പുലര്‍ത്തുന്ന ഇത്തരം സംഘടനകളെ ഒരു സമരത്തിലും അടുപ്പിക്കരുതെന്നാണ് അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഈ പാര്‍ട്ടികളുടെ വിദ്യാര്‍ത്ഥി സംഘടനകളെ മാറ്റി നിര്‍ത്തിയാണ് എസ്.എഫ്.ഐയും നിലവില്‍ സമരങ്ങള്‍ സംഘടിപ്പിച്ച് വരുന്നത്.

ജാതി – മത സംഘടനകള്‍ക്ക് മുതലെടുപ്പിന് അവസരം നല്‍കാതെ പ്രക്ഷോഭത്തിന്റെ നായകസ്ഥാനമാണ് ചെമ്പടയിപ്പോള്‍ കരസ്ഥമാക്കിയിരിക്കുന്നത്.

മംഗളൂരു പൊലീസ് വെടിവയ്പ്പ് അതിര്‍ത്തി സംസ്ഥാനമായ കേരളത്തിലും പ്രതിഫലിച്ചു കഴിഞ്ഞു. വലിയ രൂപത്തിലുള്ള പ്രതിഷേധമാണിപ്പോള്‍ സംസ്ഥാനത്ത് നടന്ന് വരുന്നത്. നിലവില്‍ മംഗളൂരു ഉള്‍പ്പെടെ കര്‍ണ്ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂവും നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യവ്യാപകമായാണ് പടര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുന്നത്. ബീഹാറില്‍ ആര്‍.ജെ.ഡി ബന്ദിന് ആഹ്വാനം ചെയ്തു കഴിഞ്ഞു. ഡല്‍ഹിയിലും യു.പിയിലും മഹാരാഷ്ട്രയിലുമെല്ലാം പ്രക്ഷോഭം വീണ്ടും ശക്തമായിരിക്കുകയാണ്. പലയിടത്തും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടുന്ന സാഹചര്യവുമുണ്ടായി. വിദ്യാര്‍ത്ഥികളും സാംസ്‌കാരിക നായകരുമെല്ലാം പ്രക്ഷോഭത്തിന്റെ മുന്‍ നിരയിലാണുള്ളത്. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലന്നാണ് സമരക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

അന്താരാഷ്ട്ര മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെയാണ് ഇന്ത്യയിലെ പ്രക്ഷോഭത്തെ റിപ്പോര്‍ട്ട് ചെയ്തുവരുന്നത്.

അമേരിക്കയിലെ പ്രധാന പത്രങ്ങളുടെ മുഖ്യവാര്‍ത്തയായി ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം വീണ്ടും വന്നു കഴിഞ്ഞു. ‘ദ വാള്‍സ്ട്രീറ്റ് ജേണല്‍’, ‘ദ വാഷിങ്ടണ്‍ പോസ്റ്റ്’, ‘ദ ന്യൂയോര്‍ക്ക് ടൈംസ്’ എന്നീ പത്രങ്ങളാണ് ഇന്ത്യയിലെ പ്രതിഷേധവാര്‍ത്ത ഒന്നാംപേജില്‍ തന്നെ നല്‍കിയിട്ടുള്ളത്. വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രതിഷേധങ്ങളുടെ ചിത്രം സഹിതമാണ് പത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുള്ളത്.

മോഡിയുടെ ഹിന്ദുത്വ രാഷ്ട്രത്തിനായുള്ള ശ്രമങ്ങള്‍ക്കെതിരെ ഇന്ത്യയുടെ പ്രതിഷേധം എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് വന്‍തോതിലുള്ള പ്രതിഷേധം അരങ്ങേറുന്നതായും വാര്‍ത്തയില്‍ പറയുന്നുണ്ട്. ബ്രിട്ടീഷ് ദിനപത്രമായ ദ ഗാര്‍ഡിയന്‍ വിഷയത്തില്‍ മുഖപ്രസംഗം തന്നെ എഴുതിയിട്ടുണ്ട്,

അല്‍ ജസീറ, ഗള്‍ഫ് ന്യൂസ്, ഗാര്‍ഡിയന്‍, ഇന്‍ഡിപെന്‍ഡന്റ്, ബ്ലൂംബെര്‍ഗ്, ദി ന്യൂയോര്‍ക്കര്‍, ദി ടെലഗ്രാഫ് എന്നീ മാധ്യമങ്ങളുടെയും പ്രധാന വാര്‍ത്തകളിലൊന്നായി പ്രക്ഷോഭം മാറിയിട്ടുണ്ട്. ഡിസംബര്‍ 15-ന് ജാമിയയിലെ പൊലീസ് നടപടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ബിബിസി മാധ്യമപ്രവര്‍ത്തകയെ പൊലീസ് മര്‍ദിച്ചുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

ചൈന ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് ഇന്ത്യയിലെ പ്രതിഷേധങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനീസ് പത്രമായ ‘സൗത്ത് ചൈന മോണിങ് പോസ്റ്റ്’ ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രതിഷേധങ്ങളെക്കുറിച്ച് നീണ്ട ലേഖനം തന്നെ എഴുതിയിട്ടുണ്ട്. വിദേശ മാധ്യമങ്ങളെക്കൂടാതെ വിദേശ വിദ്യാഭ്യാസസ്ഥാപനങ്ങളും ഇന്ത്യയിലെ പ്രതിഷേധത്തിലിപ്പോള്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്.

ഹാര്‍വാഡ്, യേല്‍, ഓക്സ്ഫോഡ്, മാസച്യുസെറ്റ്സ്, കൊളംബിയ, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ മാര്‍ച്ചുകള്‍ നടത്തുകയും ഇന്ത്യന്‍ സര്‍ക്കാരിന് തുറന്ന കത്തയക്കുകയും ചെയ്തിട്ടുണ്ട്.

ഹാര്‍വാഡിലും ഓക്സ്ഫോഡിലും കൊടുംതണുപ്പിനെ അവഗണിച്ചാണ് വിദ്യാര്‍ഥികളും അധ്യാപകരും പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തിയിരിക്കുന്നത്. ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കിയിലും ജര്‍മനിയിലെ ബെര്‍ലിനിലും സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചിലും ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിയിരിക്കുന്നത്.

Political Reporter

Top