പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രസംഗം; കഫീല്‍ ഖാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

അലിഗഡ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ചതിന് അറസ്റ്റിലായ ഡോക്ടര്‍ കഫീല്‍ ഖാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍നിന്നു കഫീല്‍ ഖാനെ പിന്നീട് മഥുര ജയിലിലേക്കു മാറ്റി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡിസംബറില്‍ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കഫീല്‍ ഖാനെ അറസ്റ്റു ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കായി കഫീല്‍ ഖാന്‍ മുംബൈയില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.

പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും ഹിന്ദു, സിഖ്, പാഴ്‌സി, ക്രിസ്ത്യന്‍ മതവിഭാഗക്കാര്‍ക്കെതിരെ വിദ്വേഷം വളര്‍ത്തുന്ന രീതിയിലായിരുന്നു കഫീല്‍ ഖാന്റെ പ്രസംഗമെന്നും എഫ്ഐആറില്‍ ആരോപിക്കുന്നു.

ഉത്തര്‍പ്രദേശിലെ ഗൊരഖ്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജനില്ലാതെ കുട്ടികള്‍ മരിച്ച വാര്‍ത്തയുമായി ബന്ധപ്പെട്ട് കഫീല്‍ ഖാന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഈ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ കഫീല്‍ ഖാന്‍ ഒമ്പതു മാസമാണ് ജയിലില്‍ കഴിഞ്ഞത്.

Top